വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള തന്റെ ബന്ധം വലിയൊരു തെറ്റായിരുന്നുവെന്ന് സമ്മതിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് (Bill Gates Apology Jeffrey Epstein Links). ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലെ ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യത്തിൽ ക്ഷമാപണം നടത്തിയത്. എപ്‌സ്റ്റീനുമായി കൂടിക്കാഴ്ചകൾ നടത്തിയതിലും ഫൗണ്ടേഷനിലെ മറ്റ് ഉദ്യോഗസ്ഥരെ അതിലേക്ക് വലിച്ചിഴച്ചതിലും തനിക്ക് ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ പ്രകാരം, എപ്‌സ്റ്റീൻ ജയിൽശിക്ഷ അനുഭവിച്ചതിന് ശേഷവും ചാരിറ്റി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ഗേറ്റ്‌സ് അദ്ദേഹവുമായി പലതവണ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകൾക്കിടെ എപ്‌സ്റ്റീന്റെ അസിസ്റ്റന്റുമാർക്കൊപ്പം എടുത്ത ചിത്രങ്ങളെക്കുറിച്ചും ഗേറ്റ്‌സ് വിശദീകരണം നൽകി. എപ്‌സ്റ്റീന്റെ ആവശ്യപ്രകാരമാണ് ആ ചിത്രങ്ങൾ എടുത്തതെന്നും എന്നാൽ എപ്‌സ്റ്റീന്റെ ഇരകളായ സ്ത്രീകളോടൊപ്പം താൻ സമയം ചിലവഴിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, അത്തരം കാര്യങ്ങൾ കണ്ടിട്ടുമില്ല” എന്ന് അദ്ദേഹം ജീവനക്കാരോട് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
എപ്‌സ്റ്റീൻ പിന്നീട് കണ്ടെത്തിയ രണ്ട് റഷ്യൻ യുവതികളുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ഗേറ്റ്‌സ് യോഗത്തിൽ തുറന്നുപറഞ്ഞു. തന്റെ തെറ്റായ തീരുമാനങ്ങൾ മൂലം ബുദ്ധിമുട്ടേണ്ടി വന്ന മറ്റുള്ളവരോട് അദ്ദേഹം ക്ഷമ ചോദിച്ചു. കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ നടന്ന ‘എഐ ഇംപാക്ട് സമ്മിറ്റിൽ’ നിന്ന് ഗേറ്റ്‌സ് അവസാന നിമിഷം പിന്മാറിയത് വാർത്തയായിരുന്നു. എപ്‌സ്റ്റീന് ഫൗണ്ടേഷൻ പണമൊന്നും നൽകിയിട്ടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിലൊന്നായ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ ഈ വിവാദങ്ങൾ ബാധിക്കില്ലെന്ന് ഫൗണ്ടേഷൻ വക്താവ് അറിയിച്ചു.
Summary: Bill Gates apologized to Gates Foundation staff during a town hall meeting, calling his past ties with Jeffrey Epstein a “huge mistake.”

