ഫത്തേപ്പൂർ: ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിൽ വളർത്തുനായയെച്ചൊല്ലിയുണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിച്ചു (UP Wedding Clash Over Pet Dog). വധുവിന്റെ വീട്ടിലെ നായയെ വരന്റെ വീട്ടുകാർ മർദ്ദിച്ചതാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള കൂട്ടത്തല്ലിന് കാരണമായത്. ഇതോടെ ഔദ്യോഗികമായി വിവാഹം ഉപേക്ഷിച്ചെങ്കിലും, നിയമപരമായി നേരത്തെ വിവാഹിതയായ വധു അഞ്ച് ദിവസത്തിന് ശേഷം ഭർതൃവീട്ടിൽ തനിയെ എത്തിയതോടെ നാടകീയമായ വഴിത്തിരിവാണ് സംഭവത്തിലുണ്ടായത്.
ജനുവരിയിൽ കാൺപൂരിൽ വെച്ച് ഒളിച്ചോടി വിവാഹിതരായ തന്യയും സുമിത്തും കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഫെബ്രുവരി 18-ന് ഔദ്യോഗികമായി വിവാഹചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നു. ചടങ്ങുകൾക്കിടെ പുലർച്ചെ നാല് മണിയോടെ വധുവിന്റെ വീട്ടിലെ നായ വരന്റെ വീട്ടുകാർക്ക് നേരെ കുരച്ചു. ഇതിൽ പ്രകോപിതനായ വരന്റെ വശത്തുള്ള ഒരു യുവാവ് നായയെ മർദ്ദിച്ചു. ഇത് ചോദ്യം ചെയ്ത വധുവിന്റെ ബന്ധുക്കളും വരന്റെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് കസേരയും വടിയും ഉപയോഗിച്ചുള്ള വലിയ തല്ലിൽ കലാശിക്കുകയും ചെയ്തു. സംഘർഷത്തിൽ സ്ത്രീകളടക്കം എട്ടുപേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ഇരുവിഭാഗവും പോലീസ് സ്റ്റേഷനിലെത്തുകയും വിവാഹം വേണ്ടെന്ന് വെക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ തന്റെ വിവാഹം ജനുവരിയിൽ തന്നെ കഴിഞ്ഞതാണെന്നും ഫെബ്രുവരിയിലേത് ചടങ്ങ് മാത്രമാണെന്നും നിലപാടടുത്ത തന്യ അഞ്ച് ദിവസത്തിന് ശേഷം ഭർതൃവീട്ടിലെത്തി. വീട്ടുകാർ ആദ്യം എതിർത്തുവെങ്കിലും ഭർത്താവിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് തങ്ങൾ ഒന്നിച്ചു ജീവിക്കുമെന്ന് യുവതി പ്രഖ്യാപിച്ചു.

