തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) കേസിനെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി നേരിടുമെന്ന് സിപീഎം സംസ്ഥാന സെക്രട്ടറിയേറ്റ് (Karuvannur bank scam ED case). സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ പാർട്ടിയെയും സിപീഎം ജില്ലാ സെക്രട്ടറിമാരെയും പ്രതിചേർക്കുന്ന നടപടി ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. കള്ളക്കേസുകളിലൂടെ നേതാക്കളെ വേട്ടയാടി പാർട്ടിയെ തകർത്തു കളയാമെന്നത് ബിജെപിയുടെയും അവരുടെ ദാസന്മാരായി പ്രവർത്തിക്കുന്ന ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെയും വ്യാമോഹം മാത്രമാണെന്ന് സിപീഎം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് തുടങ്ങിയ നേതാക്കളെ കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. അവർ അഴിമതി നടത്തിയെന്നോ പൊതുപണം കൊള്ളയടിച്ചെന്നോ പറഞ്ഞാൽ ഈ നാട്ടിൽ ആരും തന്നെ വിശ്വസിക്കില്ല. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളോടെയാണ് ഇവരെ കേസിൽ പ്രതിചേർത്തിരിക്കുന്നത് എന്ന് വ്യക്തമാണ്. ബിജെപിയുടെ താല്പര്യങ്ങൾക്കനുസരിച്ച് ജനകീയ നേതാക്കളെ അപകീർത്തിപ്പെടുത്താനും അതുവഴി പാർട്ടിയെ ദുർബലപ്പെടുത്താനുമുള്ള ആസൂത്രിത നീക്കമാണിത്. എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങാൻ പാർട്ടിയെ കിട്ടില്ലെന്ന് സിപീഎം പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
വിവാദത്തിലായ കരുവന്നൂർ ബാങ്കിലെ അഴിമതിക്കാരെ പുറത്തുകൊണ്ടുവരാനും ബാങ്കിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചെടുക്കാനും ശ്രമിച്ചവരാണ് ഈ നേതാക്കൾ. സംസ്ഥാന സർക്കാരിനൊപ്പം നിന്ന് അഴിമതിക്കാർക്കെതിരെ പോരാടുകയും ബാങ്കിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ച് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സംവിധാനമുണ്ടാക്കുകയുമാണ് ഇവർ ചെയ്തത്. ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും സംസ്ഥാന പോലീസും സഹകരണ വകുപ്പും നടത്തിയ അന്വേഷണത്തിലൂടെയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം കൃത്യമായി പുരോഗമിക്കുന്നതിനിടയിലാണ് തികച്ചും രാഷ്ട്രീയ താല്പര്യങ്ങളോടെ ഇഡി കേസിൽ ഇടപെടുനതെന്നാണ് സിപീഎമ്മിന്റെ ആക്ഷേപം.
ഇല്ലാത്ത കള്ളപ്പണക്കേസ് ഉണ്ടാക്കി നേതാക്കളെ ജയിലിലടച്ച് കേന്ദ്ര ഭരണകൂടത്തിന് ദാസ്യവേല ചെയ്യുന്ന ഇഡി ഉദ്യോഗസ്ഥരുടെ യഥാർത്ഥ മുഖം കേരളം കണ്ടതാണ്. ഇഡി ഉദ്യോഗസ്ഥരുടെ അഴിമതി കയ്യോടെ പിടികൂടിയത് സംസ്ഥാന വിജിലൻസ് ഉദ്യോഗസ്ഥരാണ്. കേസുകൾ ഒതുക്കിത്തീർക്കാൻ ഉന്നത ഇഡി ഉദ്യോഗസ്ഥൻ വൻതോതിൽ കൈക്കൂലി വാങ്ങിയ വിവരം പുറത്തുവന്നിട്ടുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളെയോ നേതാക്കളെയോ വിരട്ടിയും കോടതി കയറ്റിയും ഇഡി വഴി കീഴ്പ്പെടുത്തുന്നതുപോലെ സിപീഎമ്മിനെ വിരട്ടാമെന്ന് ബിജെപി പ്രതീക്ഷിക്കേണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് കൂട്ടിച്ചേർത്തു.
Story Summary: The CPM State Secretariat has declared that it will legally and politically challenge the ED’s actions in the Karuvannur bank scam case. Criticizing the move to implicate top leaders and district secretaries, the party termed it a politically motivated conspiracy by the BJP and central agencies to defame popular leaders like AC Moideen, MM Varghese, and K Radhakrishnan.

