തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെത്തുടർന്ന് സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 26 വരെ കേരളത്തിൽ മഴ തുടരാനാണ് സാധ്യത.(Heavy rain likely in Kerala, Alert issued in 5 districts in the coming hours)
വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലോടു കൂടിയ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളാണിവ. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദമാണ് കേരളത്തിലെ മഴയ്ക്ക് കാരണം.
അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്. പിന്നീട് ദിശ മാറി വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

