തിരുവനന്തപുരം: സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം ലഭിച്ചതിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം താൽക്കാലികമായി പിന്മാറുന്നു. പ്രതിയെ വിടാതെ പിന്തുടരുന്നു എന്ന പ്രതീതി ഒഴിവാക്കാനാണ് ഈ പുനരാലോചനയെന്നാണ് സൂചന. (Sabarimala gold theft case, SIT reconsiders appeal against Thantri’s bail)
അറസ്റ്റിന് പിന്നിൽ സർക്കാർ ഗൂഢാലോചനയുണ്ടെന്ന വാദങ്ങളെ മന്ത്രി പി. രാജീവ് ശക്തമായി തള്ളി. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നത്. അതിനാൽ എസ്ഐടിയുടെ പ്രവർത്തനങ്ങളിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സർക്കാർ ഇടപെട്ടിട്ടില്ല. സർക്കാരിന് ഇടപെടാൻ കഴിയുമായിരുന്നെങ്കിൽ സിപിഎം നേതാവായ പത്മകുമാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുമായിരുന്നോ എന്ന് മന്ത്രി ചോദിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. അതിൽ രാഷ്ട്രീയ ചായ്‌വുകൾ നോക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി.

