ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. വിദഗ്ദ്ധ സംഘം തയ്യാറാക്കിയ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കൈമാറുന്നത്.(Medical malpractice in Vandanam, Expert committee report to be submitted today)
പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ഷാഹിദ, നഴ്സിംഗ് ഓഫീസർ ധന്യ എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ശസ്ത്രക്രിയ നടന്ന സമയത്ത് യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബിക നിലവിൽ സർവീസിൽ നിന്ന് വിരമിച്ചതിനാൽ, ഇവർക്കെതിരെ കേസെടുത്തിരുന്നു.
ചികിത്സാ പിഴവിന് പുറമെ, ഡോ. ലളിതാംബികയ്‌ക്കെതിരെ പരാതിക്കാർ കൈക്കൂലി ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ഇതും അന്വേഷണ പരിധിയിൽ വരുമെന്നാണ് സൂചന. രോഗി ഉഷ ജോസഫിന്റെ കുടുംബം നൽകിയ പരാതിയിൽ പോലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

