ബെംഗളൂരു: വയോധികയായ അയൽവാസിയെ കൊലപ്പെടുത്തി സ്വർണം കവർന്ന യുവാവ് പിടിയിൽ (Bengaluru Crime News). നെലമംഗല സ്വദേശി ശിവകുമാർ (36) ആണ് പോലീസ് കസ്റ്റഡിയിലായത്. നെലമംഗലയിൽ താമസിക്കുന്ന ശോഭ (69) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.
ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ കുടിവെള്ളം ചോദിച്ചാണ് ശിവകുമാർ ശോഭയുടെ വീട്ടിലെത്തിയത്. ശോഭ വെള്ളം എടുക്കാൻ പോയ സമയം ഇയാൾ സ്വർണം കവരാൻ ശ്രമിച്ചു. കഴിഞ്ഞ 12 വർഷമായി അസുഖബാധിതനായി വീൽചെയറിൽ കഴിയുന്ന ഭർത്താവിന്റെ മുന്നിൽ വെച്ചാണ് അക്രമം നടന്നത്. കവർച്ച തടയാൻ ശ്രമിച്ച ശോഭയെ പ്രതി കൈവശം കരുതിയിരുന്ന കത്തികൊണ്ട് കുത്തിവീഴ്ത്തി.
ലോണുകൾ തിരിച്ചടയ്ക്കാനും മറ്റ് കടങ്ങൾ തീർക്കാനുമാണ് താൻ കവർച്ച നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ശോഭ അണിഞ്ഞിരുന്ന ഏകദേശം 100 ഗ്രാം സ്വർണാഭരണങ്ങൾ ഇയാൾ കവർന്നിരുന്നു.
ശോഭയുടെ വീട്ടിൽ മക്കളില്ലാത്തതും ഭർത്താവ് വീൽചെയറിൽ കഴിയുന്നതും കൃത്യമായി മനസ്സിലാക്കിയാണ് ശിവകുമാർ കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യത്തിന് ശേഷം രക്ഷപ്പെട്ട ഇയാളെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു. മോഷ്ടിച്ച സ്വർണം പോലീസ് വീണ്ടെടുത്തു.



