കൊച്ചി:അഖിൽ മാരാർ ട്വന്റി-20 പാർട്ടിയിൽ ചേർന്നു. അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കും. ട്വന്റി20 ചെയർമാൻ സാബു എം. ജേക്കബ് ഇക്കാര്യം അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് നിർണ്ണായക പ്രഖ്യാപനമുണ്ടായത്.(Akhil Marar joins Twenty20 party, will contest assembly elections)
കിഴക്കമ്പലം വികസന മാതൃകയാണെന്നും ശരിയായ നിലപാടുകൾ സ്വീകരിക്കുന്ന ക്രാന്തദർശിയായ നേതാക്കൾ മുന്നോട്ടുവരണമെന്നും അഖിൽ മാരാർ പറഞ്ഞു. തനിക്ക് ചേരാൻ ഏറ്റവും അനുയോജ്യമായ പാർട്ടി ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനാണ്. ചിലപ്പോൾ ബി.ജെ.പി നിലപാടിനോടും ചിലപ്പോൾ സി.പി.എം അല്ലെങ്കിൽ കോൺഗ്രസ് നിലപാടുകളോടും തനിക്ക് യോജിക്കേണ്ടി വരാറുണ്ട്. ഭരണം മാറണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താൻ എന്നും അദ്ദേഹം പറഞ്ഞു.
താൻ കോൺഗ്രസിനകത്ത് വേണോ പുറത്ത് വേണോ എന്ന് തീരുമാനിക്കേണ്ടിയിരുന്നത് അവരായിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അഖിൽ മാരാർ നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു. രാജ്യത്തിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുമ്പോഴാണ് തന്നെ പലരും ‘സംഘി’ എന്ന് വിളിച്ചതെന്നും അഖിൽ മാരാർ പ്രതികരിച്ചു. കൊട്ടാരക്കരയിൽ അഖിൽ മാരാർ സ്ഥാനാർത്ഥിയാകാനാണ് സാധ്യതയെന്നാണ് വിവരം.



