കോഴിക്കോട്: മാസപ്പിറവി കാണാത്തതിനെത്തുടർന്ന് കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം കുറിക്കും. ശഅബാൻ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികൾ പുണ്യമാസത്തിലേക്ക് കടക്കുന്നത്. അതേസമയം, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ന് റംസാൻ ഒന്ന് ആരംഭിച്ചു.(Ramadan 2026, holy month begins in Kerala tomorrow)
ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബുധനാഴ്ച ശഅബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് അറിയിച്ചു. ഇന്ന് രാത്രി മുതൽ പള്ളികളിൽ പ്രത്യേക നമസ്കാരങ്ങൾ ആരംഭിക്കും. സൗദി അറേബ്യയിലെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചു. ഇതോടെ ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമദാൻ മാസത്തിന് സൗദിയിൽ ഇന്ന് തുടക്കം കുറിച്ചു.
സൗദിക്ക് പിന്നാലെ യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഇന്ന് വ്രതാരംഭം പ്രഖ്യാപിച്ചു. ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയാണ് ഒമാനിൽ വ്രതം ആരംഭിക്കുകയെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. റംസാൻ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിലെ സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രവർത്തന സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി. യു എ ഇയിൽ സർക്കാർ സ്ഥാപനങ്ങൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണി വരെയാണ് സമയം. സ്വകാര്യ മേഖലയിൽ ജോലി സമയം രണ്ടു മണിക്കൂർ കുറച്ചിട്ടുണ്ട്.

