തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് പേർ മരിച്ച സംഭവത്തിൽ, ലാബിലേക്ക് അയച്ച ഭക്ഷണ സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവിയും മരുമകൻ ഷാജിയുമാണ് മരിച്ചത്. സംഭവത്തിലെ ദുരൂഹതയെക്കുറിച്ച് ഫലം വരുന്നതോടെ വ്യക്തമാകും.(2 people died after eating at a hotel in Vizhinjam, Sample test results to come today)
സംഭവത്തിൽ ഇതുവരെ ഭക്ഷ്യവിഷബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം സംബന്ധിച്ച കൃത്യമായ നിഗമനത്തിലെത്താൻ പത്തോളജി റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.
പരാതി ഉയർന്ന അതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ കൂടി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇവർക്ക് നിലവിൽ സാരമായ ആരോഗ്യപ്രശ്നങ്ങളില്ല. വിഴിഞ്ഞം മേഖലയിലെ ഹോട്ടലുകളിൽ വരുംദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കും. നിലവിൽ ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചിരിക്കുകയാണ്.



