ബെംഗളൂരു: നഗരത്തിൽ വിപുലമായ രീതിയിൽ നടന്ന ലഹരിവിരുദ്ധ പരിശോധനയിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. നാല് വ്യത്യസ്ത ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന മാരക ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പിടിയിലായവരിൽ രണ്ട് വിദേശ പൗരന്മാരും ഉൾപ്പെടുന്നു.(Massive drug bust in Bengaluru, 5 people, including 3 Malayalis, arrested)
ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് മലയാളികളായ അജ്മൽ, മജീദ് എന്നിവരാണ് ആദ്യം പിടിയിലായത്. തായ്‌ലൻഡിൽ നിന്ന് ലേസ്, ചോക്കലേറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 5 കിലോ ഹൈഡ്രോ കഞ്ചാവ് ഇവർ കടത്തുകയായിരുന്നു. ഇതിന് വിപണിയിൽ 5 കോടി രൂപ വിലവരും. കഴിഞ്ഞ മാസം ബെംഗളൂരു പൊലീസ് പിടികൂടിയ ലഹരി കടത്ത് സംഘവുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ നീക്കത്തിൽ ഇബ്രാഹിം എന്ന വിദേശി പിടിയിലായി. ഇയാളിൽ നിന്ന് 11 കോടി രൂപ വിലവരുന്ന 5 കിലോ എംഡിഎംഎ പൊലീസ് കണ്ടെടുത്തു. മാറത്തഹള്ളി, ഡൽഹി, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്.
സെനഗൽ സ്വദേശി ബാരി (ഒക്കോളി) എൽഎസ്ഡി സ്റ്റാമ്പ്, എംഡിഎ എന്നിവയുൾപ്പെടെ ഒരു കോടി രൂപയുടെ ലഹരിമരുന്നുമായാണ് പിടിയിലായത്. ഹെബ്ബഗോഡി പൊലീസാണ് ഇയാളെ പിടികൂടിയത്. ഇത് രണ്ടാം തവണയാണ് ഇയാൾ ലഹരിക്കേസിൽ കുടുങ്ങുന്നത്. മഹാലക്ഷ്മി ലേഔട്ടിൽ വെച്ച് 30 കിലോ കഞ്ചാവുമായി മലയാളിയായ ആനന്ദ് പിടിയിലായി. ബികോം ബിരുദധാരിയായ ആനന്ദ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് കരുതുന്നു.



