തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ കോൺഗ്രസിന്റെ നിർണ്ണായക നേതൃയോഗങ്ങൾ ഇന്ന് ചേരും. എഐസിസി നിയോഗിച്ച നിരീക്ഷകൻ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് അന്തിമ രൂപം നൽകും.(Assembly elections, Important Congress meetings to be held today)
സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കെപിസിസി ആസ്ഥാനത്ത് ആദ്യ യോഗം ചേരും. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം സച്ചിൻ പൈലറ്റിന്റെ സാന്നിധ്യത്തിൽ സംസ്ഥാനത്തെ പ്രധാന നേതാക്കൾ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തും.
‘പുതുയുഗ യാത്ര’യുടെ തിരക്കിലായതിനാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓൺലൈനായി യോഗങ്ങളിൽ പങ്കുചേരും. ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് പാർട്ടിയുടെ തീരുമാനം. നിലവിലുള്ള 21 എംഎൽഎമാരെയും സംവരണ സീറ്റുകളിലെ സ്ഥാനാർത്ഥികളെയും ആദ്യഘട്ടത്തിൽ തന്നെ പ്രഖ്യാപിക്കും. പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ എംപിയുടെ അഭിപ്രായം തേടിയ ശേഷമാകും അന്തിമ തീരുമാനം. തൃപ്പൂണിത്തുറയിൽ കെ. ബാബു മത്സരരംഗത്തുനിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കും.ചില സീറ്റുകളിൽ നിലനിൽക്കുന്ന തർക്കങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്.



