ന്യൂയോർക്ക്: കരീബിയൻ കടലിൽ വിന്യാസത്തിലായിരുന്ന അമേരിക്കൻ നാവികസേനാ കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം ഈ മേഖലയിൽ പട്രോളിംഗ് നടത്തിയിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് നാവിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.(US warships collide in the Caribbean Sea, 2 officials injured)
മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട യുഎസ്എസ് ട്രക്സ്റ്റണും, ഇന്ധനവും മറ്റ് സാധനങ്ങളും എത്തിക്കുന്ന യുഎസ്എൻഎസ് സപ്ലൈയുമാണ് കൂട്ടിയിടിച്ചത്. കടലിൽ വെച്ച് കപ്പലുകൾ തമ്മിൽ ഇന്ധനവും മറ്റ് അവശ്യസാധനങ്ങളും കൈമാറുന്നതിനിടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റ നാവികരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കപ്പലുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കാത്തതിനാൽ യാത്ര തുടരുന്നുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു. മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബർ മുതൽ കരീബിയൻ മേഖലയിൽ അമേരിക്ക ശക്തമായ സൈനിക സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.



