HomeNationalഎപ്‌സ്റ്റീൻ ഫയൽസ്: ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാർലമെൻ്റിൽ പ്രതിഷേധം...

എപ്‌സ്റ്റീൻ ഫയൽസ്: ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാർലമെൻ്റിൽ പ്രതിഷേധം | Epstein Files

ന്യൂഡൽഹി: വിവാദമായ എപ്‌സ്റ്റീൻ ഫയൽ സംബന്ധിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ഏറ്റുപിടിച്ചാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്.(Epstein Files, Protest in Parliament demanding Hardeep Singh Puri’s resignation)

സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചതോടെ ലോക്സഭാ നടപടികൾ തടസ്സപ്പെട്ടു. പാർലമെന്റിന് പുറത്തും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട എപ്‌സ്റ്റീൻ രേഖകളിൽ ഹർദീപ് സിങ് പുരിയുടെയും വ്യവസായി അനിൽ അംബാനിയുടെയും പേരുകളുണ്ടെന്ന് രാഹുൽ ഗാന്ധി സഭയിൽ ആരോപിച്ചിരുന്നു.

ആരോപണങ്ങൾ നിഷേധിച്ച ഹർദീപ് സിങ് പുരി, താൻ ജെഫ്രി എപ്‌സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന കാര്യം സമ്മതിച്ചു. എന്നാൽ എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യവിരുദ്ധ ശക്തികളുമായി ചേർന്ന് രാഹുൽ ഗാന്ധി രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചു. രാഹുലിനെതിരെ പാർലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം സ്പീക്കർക്ക് കത്ത് നൽകി.

ബജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി ലോക്സഭ പിരിഞ്ഞു. മാർച്ച് ഒൻപതിനാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. അന്ന് തന്നെ സ്പീക്കർ ഓം ബിർളയ്ക്ക് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസും സഭ പരിഗണിക്കും.

Clickable Info Box