ഗാന്ധിനഗർ: അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ പ്രമുഖ മാധ്യമപ്രവർത്തകൻ രവി നായർക്ക് (Journalist Ravi Nair) ഗുജറാത്തിലെ മാൻസ മജിസ്‌ട്രേറ്റ് കോടതി ഒരു വർഷം തടവും പിഴയും വിധിച്ചു. അദാനി ഗ്രൂപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. 2020-ൽ അദാനി ഗ്രൂപ്പിനെതിരെ രവി നായർ പങ്കുവെച്ച ചില എക്സ് പോസ്റ്റുകളാണ് നിയമനടപടിക്ക് ആധാരമായത്. നിക്ഷേപകർക്കും പൊതുജനങ്ങൾക്കും മുന്നിൽ കമ്പനിയുടെ വിശ്വാസ്യത തകർക്കാൻ രവി നായർ ബോധപൂർവം ശ്രമിച്ചുവെന്ന അദാനി ഗ്രൂപ്പിന്റെ വാദം കോടതി അംഗീകരിച്ചു.
ഇതൊരു ക്രിയാത്മകമായ വിമർശനമല്ലെന്നും മറിച്ച് അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. വിചാരണയ്ക്ക് ശേഷം കുറ്റം തെളിഞ്ഞതോടെയാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. എന്നാൽ, വിധിക്ക് പിന്നാലെ രവി നായർക്ക് ജാമ്യം അനുവദിച്ചതായും ഉന്നത കോടതിയിൽ അപ്പീൽ നൽകാൻ സമയം അനുവദിച്ചതായും റിപ്പോർട്ടുകളുണ്ട്. അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ രവി നായർ മുൻപ് പുറത്തുവിട്ടിരുന്നു.
Summary: A magistrate court in Mansa, Gujarat, has sentenced journalist Ravi Nair to one year of imprisonment and imposed a fine in a criminal defamation case filed by Adani Enterprises Ltd.



