തിരുവനന്തപുരം: ഗൃഹസന്ദർശന പരിപാടിയിൽ കീഴ്ഘടകങ്ങൾക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സി പി ഐ എം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. നിശ്ചയിച്ചതുപോലെ പരിപാടി പൂർത്തിയാക്കാൻ സാധിക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടിക്ക് പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.(Subordinates have shown negligence in home visits, says CPIM state leadership)
ജനുവരി 1 മുതൽ 15 വരെ നടന്ന പരിപാടി പലയിടത്തും പേരിന് മാത്രമായാണ് നടന്നത്. നേതാക്കൾ നേരിട്ടെത്തിയ സ്ഥലങ്ങളിൽ മാത്രമാണ് സന്ദർശനം കാര്യമായി നടന്നതെന്നും ബാക്കിയിടങ്ങളിൽ റിപ്പോർട്ടുകൾ കൃത്യമല്ലെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ജനങ്ങളിലേക്ക് നേരിട്ടെത്തി പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാനായിരുന്നു ഗൃഹസന്ദർശനം ആസൂത്രണം ചെയ്തത്. ഈ അനാസ്ഥ തിരുത്താൻ അടിയന്തരമായി ഇടപെടണമെന്നും പാർട്ടി സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നു. വീഴ്ചകൾ പരിഹരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ഗൃഹസന്ദർശനത്തിന് പാർട്ടി തയ്യാറെടുക്കുകയാണ്. അടുത്ത ഘട്ടത്തിൽ വനിതാ സ്‌ക്വാഡുകളെ കൂടി ഉൾപ്പെടുത്തി കൂടുതൽ വിപുലമായ പ്രചാരണം നടത്താനാണ് തീരുമാനം..



