കൊച്ചി: എസ്.എൻ.ഡി.പി – എൻ.എസ്.എസ് ലയനം എന്ന വിഷയം ഇനി ചർച്ച ചെയ്യേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതുമായി ബന്ധപ്പെട്ട മാധ്യമ വിചാരണകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി പൊന്നുരുന്നിയിൽ എസ്.എൻ.ഡി.പി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(SNDP-NSS unity should no longer be discussed, says Vellappally Natesan)
പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്ന് വെള്ളാപ്പള്ളി നിരീക്ഷിച്ചു. സർക്കാരിനെക്കുറിച്ച് തനിക്ക് മോശം അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ രംഗത്ത് ബിജെപി വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് രാജീവ് ചന്ദ്രശേഖർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള വിവാദം തിരഞ്ഞെടുപ്പ് വരെ മാത്രമേ നിലനിൽക്കൂ എന്നും, അത് കഴിഞ്ഞാൽ ആരും ഈ വിഷയം ചർച്ച ചെയ്യില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
എസ്.എൻ.ഡി.പിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരുമുണ്ട്. അംഗങ്ങൾക്ക് അവരുടെ വിശ്വാസമനുസരിച്ച് വോട്ട് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥി വേണമെന്ന് എസ്.എൻ.ഡി.പി പ്രത്യേകമായി ആവശ്യപ്പെടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



