കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളിലും അസമിലും രാഷ്ട്രീയ പോര് മുറുകുന്നു. ബംഗാളിൽ ബിജെപി അട്ടിമറി വിജയം നേടുമെന്ന പ്രവചനങ്ങൾ തൃണമൂൽ കോൺഗ്രസിനെ അമ്പരപ്പിച്ചിരിക്കുകയാണ്.(Exit polls predict BJP wave in Bengal and Assam, TMC rejects, Congress concerned)
ഭൂരിഭാഗം ഏജൻസികളും ബിജെപിക്ക് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും തൃണമൂൽ കോൺഗ്രസ് ഇത് തള്ളിക്കളയുന്നു. മമത ബാനർജി 235 സീറ്റുകൾ നേടി നാലാം തവണയും മുഖ്യമന്ത്രിയാകുമെന്നും ബിജെപി 50 സീറ്റ് കടക്കില്ലെന്നുമാണ് നേതാക്കളുടെ വാദം. 2021 നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും എക്സിറ്റ് പോളുകൾ ബിജെപിക്ക് വൻ മുന്നേറ്റം പ്രവചിച്ചെങ്കിലും ഫലം വന്നപ്പോൾ തൃണമൂൽ കോൺഗ്രസ് കരുത്തു തെളിയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ പ്രതിരോധം.
ബംഗാളിൽ ഇത്തവണ രേഖപ്പെടുത്തിയത് 92.49% എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ്. ഡയമണ്ട് ഹാർബറിൽ അടക്കം 77 ഇടങ്ങളിൽ ക്രമക്കേട് നടന്നതായി പരാതിയുള്ളതിനാൽ റീപോളിംഗിന് സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അസമിൽ എൻഡിഎ വൻ വിജയം നേടുമെന്ന പ്രവചനങ്ങൾ കോൺഗ്രസിനെ കടുത്ത നിരാശയിലാക്കിയിട്ടുണ്ട്. എഐയുഡിഎഫ് (AIUDF), ബോഡോ പാർട്ടികളുമായി സഖ്യം രൂപീകരിക്കാത്തത് തിരിച്ചടിയായോ എന്ന് കോൺഗ്രസ് നേതൃത്വം ഭയപ്പെടുന്നു. ഗൗരവ് ഗൊഗോയിയെ പിസിസി അധ്യക്ഷനായി നിയമിച്ചതടക്കമുള്ള അവസാന നിമിഷ പരീക്ഷണങ്ങൾ ഫലം കണ്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബംഗാളിലും അസമിലും ബിജെപി ക്യാമ്പുകൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

