ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് നാളെ നടക്കാനിരിക്കെ, സംസ്ഥാനത്ത് വൻതോതിൽ പണം വിതരണം ചെയ്യുന്നതായി പരാതി. മൈലാപ്പൂരിലെ ഡിഎംകെ സ്ഥാനാർത്ഥി ഡി. വേലുവിന്റെ സഹായിയുടെ വീട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് 2 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തിന് പിന്നാലെ വേലുവിനെ മത്സരത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.(Tamil Nadu to the polling booth tomorrow, Complaint of money flowing in for votes even at the last minute )
സെന്തിൽ ബാലാജി മത്സരിക്കുന്ന കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ വ്യാപകമായി പണം നൽകുന്നുണ്ടെന്ന് എഐഎഡിഎംകെ ആരോപിച്ചു. ഇതേത്തുടർന്ന് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ സ്ഥാനാർത്ഥി കെ. അർജുനൻ ജില്ലാ കളക്ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ, വോട്ടിന് പണം നൽകുന്നത് തന്റെ രീതിയല്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സെന്തിൽ ബാലാജി പ്രതികരിച്ചു.
നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വിജയ്‌യുടെ പാർട്ടിയായ ടിവികെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വൻതോതിൽ പ്രചാരണം നടത്താൻ നീക്കം നടത്തുന്നതായി ഡിഎംകെ അനുഭാവികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇത് ചട്ടലംഘനമാണെന്നും കർശന നടപടി വേണമെന്നുമാണ് ആവശ്യം.

