ഇസ്ലാമാബാദ്: അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഇറാൻ വ്യക്തമാക്കി. ഇതേത്തുടർന്ന് ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാം ഘട്ട ചർച്ചകളിൽ സമാധാന നിർദേശങ്ങൾ പാകിസ്ഥാൻ വഴി കൈമാറാനാണ് ഇറാന്റെ തീരുമാനം (US-Iran Peace Talks Islamabad). ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഇസ്ലാമാബാദിൽ എത്തിയപ്പോൾ, അമേരിക്കൻ സംഘത്തെ നയിക്കുന്ന സ്റ്റീവ് വിറ്റ് കോഫും ജാരെദ് കുഷ്നറും ഇന്ന് പാകിസ്ഥാനിലെത്തും.
ഇത്തവണത്തെ ചർച്ചയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും ഇറാന്റെ മുഹമ്മദ് ബാഗർ ഗാലിബാഫും പങ്കെടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ ആവർത്തിക്കുമ്പോൾ, ആണവ പദ്ധതികൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് അമേരിക്ക. ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് യുഎസ് സംഘം ചർച്ചകൾക്കായി എത്തിയിരിക്കുന്നത്. ചർച്ചകൾക്ക് ശേഷം കുഷ്നറും വിറ്റ്കോഫും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ട്രംപ് അടുത്ത നീക്കങ്ങൾ തീരുമാനിക്കുക.
ധൃതിപ്പെട്ട് ഒരു കരാറിലെത്താൻ താല്പര്യമില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന് ലഭിച്ചിരിക്കുന്ന ഈ അവസരം വിവേകപൂർവ്വം ഉപയോഗിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ ചർച്ചകൾ മേഖലയിലെ യുദ്ധാന്തരീക്ഷത്തിന് അയവു വരുത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.
Summary: Iran has maintained its stance against direct talks with the U.S., choosing instead to convey peace proposals through Pakistan during the ongoing negotiations in Islamabad. While Iranian FM Abbas Araghchi has arrived, U.S. representatives Steve Witkoff and Jared Kushner are expected today. Notably, J.D. Vance and Mohammad Bagher Ghalibaf are skipping this round. The deadlock over the Strait of Hormuz and Iran’s nuclear program continues to be the primary challenge.

