ലണ്ടൻ: വിമാന യാത്രകൾക്കിടയിൽ ജീവനക്കാരോടും സഹയാത്രികരോടും മോശമായി പെരുമാറുകയും അതിക്രമങ്ങൾ കാട്ടുകയും ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി യുകെ സർക്കാർ (UK National Ban List Disruptive Passengers). ഇത്തരം യാത്രക്കാരെ രാജ്യത്ത് സർവീസ് നടത്തുന്ന എല്ലാ വിമാന കമ്പനികളിൽ നിന്നും ഒരേസമയം വിലക്കാൻ സഹായിക്കുന്ന ഒരു ദേശീയ നോ-ഫ്ലൈ ലിസ്റ്റ് തയ്യാറാക്കാൻ ബ്രിട്ടീഷ് സർക്കാരും വ്യോമയാന മന്ത്രാലയവും സംയുക്തമായി ആലോചിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. നിലവിൽ ഒരു എയർലൈൻ കമ്പനി കരിമ്പട്ടികയിൽ പെടുത്തുന്ന യാത്രക്കാരന് മറ്റ് വിമാന കമ്പനികൾ വഴി യഥേഷ്ടം യാത്ര ചെയ്യാൻ സാധിക്കും. ഈ ലൂപ്പഹോൾ പൂർണ്ണമായും അടച്ചുകൊണ്ട്, പ്രശ്നക്കാരായ യാത്രക്കാരുടെ വിവരങ്ങൾ പങ്കുവെക്കാൻ കേന്ദ്രീകൃതമായ ഒരു ഡാറ്റാബേസ് രൂപീകരിക്കുകയാണ് പുതിയ നിർദ്ദേശത്തിലൂടെ യുകെ ലക്ഷ്യമിടുന്നത്.
ഡിപ്പാർട്ട്‌മെന്റ് ഫോർ ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥരും പ്രമുഖ വിമാന കമ്പനികളുടെ പ്രതിനിധികളും ഈ മാസം തന്നെ യോഗം ചേർന്ന് പദ്ധതിയുടെ പ്രായോഗിക വശങ്ങൾ ചർച്ച ചെയ്യും. എയർപോർട്ടുകളിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും വിമാനത്തിനുള്ളിൽ അക്രമം അഴിച്ചുവിടുന്നതും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണെന്ന് യുകെ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വിമാനത്തിൽ വെച്ച് ക്രൂരമായി പെരുമാറിയ യാത്രക്കാരനെ കോടതി 10 മാസത്തേക്ക് തടവിന് ശിക്ഷിച്ചതും, തുർക്കിയിൽ നിന്നും മാഞ്ചസ്റ്ററിലേക്കുള്ള യാത്രയ്ക്കിടയിൽ വിമാനത്തിൽ വെച്ച് അടിപിടിയുണ്ടാക്കിയ രണ്ട് യാത്രക്കാർക്ക് ജെറ്റ്2 എയർലൈൻസ് ആജീവനാന്ത വിലക്കേർപ്പെടുത്തിയതുമായ സമീപകാല സംഭവങ്ങൾ ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചു. എന്നാൽ, യൂറോപ്യൻ യൂണിയന്റെ ജിഡിപിആർ ഡാറ്റാ സുരക്ഷാ നിയമങ്ങൾ നിലനിൽക്കുന്നതിനാൽ യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ എയർലൈനുകൾ തമ്മിൽ പങ്കുവെക്കുന്നതിലെ നിയമപരമായ വെല്ലുവിളികൾ എങ്ങനെ മറികടക്കുമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
Summary: The UK government and leading aviation representatives are considering the implementation of a national ban list to collectively block abusive or antisocial passengers from flying with any airline operating in the country. Currently, passengers blacklisted by one carrier can easily book flights with competitors, but the new proposal aims to bridge this loophole via a centrally managed shared database. Backed heavily by trade body Airlines UK and commercial carriers like Jet2, the move comes amidst a spike in disruptive in-flight incidents, though the government will have to navigate strict data protection laws under GDPR regarding passenger information sharing.

