കറാച്ചി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് പാകിസ്ഥാൻ്റെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പതനത്തിലേക്ക് നയിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ പണപ്പെരുപ്പം ഇരട്ടഅക്കത്തിൽ തന്നെ തുടരുമെന്നും വിദേശനാണ്യ കരുതൽ ശേഖരം അപകടകരമായ നിലയിലേക്ക് താഴുമെന്നും റിപ്പോർട്ട് ചെയ്യുന്നു. (Pakistan’s economy gasps as Middle East war ignites double-digit inflation)
അടുത്ത സാമ്പത്തിക വർഷം പാകിസ്ഥാനിലെ ശരാശരി പണപ്പെരുപ്പം 11 ശതമാനത്തിന് മുകളിൽ പോകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറായി തുടരുന്നത് കണക്കിലെടുത്താണ് ഈ വിലയിരുത്തൽ. എണ്ണവില 120 ഡോളറിലേക്ക് എത്തുകയാണെങ്കിൽ പണപ്പെരുപ്പവും പലിശനിരക്കും കുത്തനെ കൂട്ടാൻ പാകിസ്ഥാൻ സെൻട്രൽ ബാങ്ക് നിർബന്ധിതരാകും. ഇത് രാജ്യത്തിൻ്റെ ആഭ്യന്തര ഉൽപ്പാദന വളർച്ചയെ 2.5 ശതമാനത്തിലേക്ക് ചുരുക്കിയേക്കും.
ഊർജ്ജ ആവശ്യങ്ങൾക്കായി 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന പാകിസ്ഥാന് എണ്ണവിലയിലെ ഓരോ പത്തു ഡോളറിൻ്റെ വർദ്ധനവും താങ്ങാനാവാത്ത ബാധ്യതയാണ് സൃഷ്ടിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം പെട്രോളിയം ഇറക്കുമതിക്കായി മാത്രം 15 ബില്യൺ ഡോളർ ചിലവാക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതോടെ രാജ്യത്തിൻ്റെ കറന്റ് അക്കൗണ്ട് കമ്മി 8 ബില്യൺ ഡോളർ കടന്നേക്കാം. കൂടാതെ, പാകിസ്ഥാൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 298 എന്ന നിലയിലേക്ക് ഇടിയുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിദേശത്തുനിന്നുള്ള പണമയക്കലിലും കയറ്റുമതിയിലും വൻ ഇടിവ് രേഖപ്പെടുത്തുന്നത് പാകിസ്ഥാൻ്റെ സാമ്പത്തിക നിലയെ പൂർണ്ണമായും തകർക്കുന്ന അവസ്ഥയിലാണ്.
Story Summary
Pakistan’s economy faces severe strain as rising global oil prices and Middle East instability push inflation toward double digits. Analysts warn of shrinking GDP growth, a ballooning current account deficit, and a significant depreciation of the Pakistani Rupee by FY27.

