ടെഹ്‌റാൻ: ഇറാന്റെ ആണവ അവകാശങ്ങളെ ചോദ്യം ചെയ്യാൻ ഒരു രാജ്യത്തിനും അധികാരമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ (Masoud Pezeshkian Nuclear Rights Statement). സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ആണവ പരീക്ഷണങ്ങൾ തങ്ങളുടെ അവകാശമാണെന്നും അത് തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാൻ ഇതുവരെ ഒരു യുദ്ധവും ആരംഭിച്ചിട്ടില്ലെന്നും മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ തങ്ങൾക്ക് പദ്ധതിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ നടത്തുന്നത് തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള സ്വയം പ്രതിരോധം മാത്രമാണെന്ന് മസൂദ് പെസെഷ്‌കിയാൻ കൂട്ടിച്ചേർത്തു. ഇറാന്റെ അവകാശങ്ങൾ തടയാൻ ഡൊണാൾഡ് ട്രംപിന് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. തുല്യനീതിയാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ അമേരിക്ക ഇറാന്റെ മേൽ ‘സാമ്പത്തിക തീവ്രവാദം’ അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്ക ഉന്നയിക്കുന്ന കർക്കശമായ ഉപാധികൾ കാരണം അവരുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇപ്പോൾ തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്ന് ഇറാനിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്‌സാദെയും അറിയിച്ചിട്ടുണ്ട്. ഏകപക്ഷീയമായ സാമ്പത്തിക ഉപരോധങ്ങൾ നീക്കണമെന്നും ഇറാനിലെ ജനങ്ങളെ സർക്കാരിനെതിരെ പ്രകോപിപ്പിക്കാനാണ് ഉപരോധങ്ങളിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്നും ഇറാൻ ആരോപിക്കുന്നു. മേഖലയിൽ സമാധാനം നിലനിർത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും എന്നാൽ സ്വന്തം അന്തസ്സ് പണയംവെച്ചുള്ള ഒത്തുതീർപ്പിനില്ലെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി.
Summary: Iranian President Masoud Pezeshkian asserted that no nation has the power to deny Iran its legitimate nuclear rights. He emphasized that Iran’s military actions are purely for self-defense and that the country has no intention of starting wars or attacking others. Criticizing the U.S. sanctions as “economic terrorism,” he questioned Donald Trump’s authority to restrict Iran’s rights. Additionally, Iran’s Deputy Foreign Minister confirmed that direct talks with the U.S. are currently off the table and Iran will not hand over its enriched uranium.

