ലണ്ടൻ: ഇറാൻ്റെ മേലുള്ള വെടിനിർത്തൽ കാലാവധി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അനിശ്ചിതകാലത്തേക്ക് നീട്ടിയതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ രണ്ട് ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തു ( Iran Fires At Ships Hormuz). ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം നിയമപരമായി നടപ്പിലാക്കുകയാണെന്നാണ് ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
ബുധനാഴ്ച രാവിലെ 7:55-ഓടെയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ആദ്യത്തെ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു വെടിവെപ്പെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. രണ്ടാമതൊരു കാർഗോ കപ്പലിന് നേരെയും വെടിവെപ്പുണ്ടായി.
ആക്രമണത്തിൽ ഒരു കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. പരിസ്ഥിതി ആഘാതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാൻ്റെ ഒരു കണ്ടെയ്നർ കപ്പൽ അമേരിക്ക പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രത്യാക്രമണം. ലോകത്തെ ക്രൂഡ് ഓയിൽ വിതരണത്തിൻ്റെ 20 ശതമാനത്തോളം കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം കാരണം ഇറാൻ സാമ്പത്തികമായി തകരുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കടലിടുക്ക് ഉടൻ തുറക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കുറിച്ചു.
വെടിനിർത്തൽ ചർച്ചകൾക്കായി പാകിസ്താൻ മുൻകൈ എടുത്തെങ്കിലും അത് ഫലപ്രാപ്തിയിലെത്താത്തത് മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇരുരാജ്യങ്ങളും ഏത് നിമിഷവും യുദ്ധത്തിലേക്ക് നീങ്ങാൻ തയ്യാറെടുത്തിരിക്കുകയാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Summary: Just hours after US President Donald Trump extended the Iran ceasefire indefinitely, Iranian Revolutionary Guard gunboats opened fire on two container ships in the Strait of Hormuz. Iran’s Fars news agency claimed the move was “lawfully enforcing” control over the vital waterway, which handles 20% of global oil and gas trade. No injuries were reported, though one vessel sustained damage. Trump remarked that Iran is “collapsing financially” due to the ongoing blockade and is “starving for cash,” while shipping activity remains stalled in the region.

