ഹവാന: അമേരിക്കയുടെ ഭാഗത്തുനിന്ന് ക്യൂബയ്‌ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ അത് വലിയ രക്തച്ചൊരിച്ചിലിന് കാരണമാകുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ. ക്യൂബ മൂന്നൂറിലധികം സൈനിക ഡ്രോണുകൾ ശേഖരിച്ചിട്ടുണ്ടെന്നും അവ ഉപയോഗിച്ച് ഗ്വാണ്ടനാമോ ബേയിലെ യു.എസ് നാവിക താവളം, യു.എസ് സൈനിക കപ്പലുകൾ, ഫ്ലോറിഡയിലെ കീ വെസ്റ്റ് എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു.(Cuba US military threat, President Miguel Diaz Canel Warns Of Heavy Bloodshed Over Drone Attack Allegations)
ഈ വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ക്യൂബയ്‌ക്കെതിരെ സൈനിക ഇടപെടൽ നടത്താൻ അമേരിക്ക കെട്ടിച്ചമച്ച നുണക്കഥയാണിതെന്നും മിഗ്വൽ ഡിയാസ് കാനൽ ആരോപിച്ചു. ക്യൂബ ഒരു ഭീഷണിയല്ല, എന്ന് എക്‌സിലൂടെ വ്യക്തമാക്കിയ പ്രസിഡന്റ്, യു.എൻ ചാർട്ടർ അനുസരിച്ച് ഏതൊരു പരമാധികാര രാജ്യത്തെയും പോലെ സ്വയം പ്രതിരോധത്തിനുള്ള പൂർണ്ണ അവകാശം ക്യൂബയ്ക്കുണ്ടെന്ന് ഓർമ്മിപ്പിച്ചു. ആക്രമിക്കാൻ ആഗ്രഹിക്കുന്നവർ അതിനായി മുൻകൂട്ടി കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസും കുറ്റപ്പെടുത്തി.
വെനസ്വേലയുമായുള്ള ബന്ധത്തെത്തുടർന്ന് യു.എസ് ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ കാരണം നിലവിൽ ക്യൂബയിൽ കടുത്ത ഇന്ധനക്ഷാമവും വൈദ്യുതി തടസ്സവും അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ, 1996-ൽ രണ്ട് വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ മുൻ ക്യൂബൻ നേതാവ് റൗൾ കാസ്‌ട്രോയെ പ്രതിയാക്കാൻ യു.എസ് പ്രോസിക്യൂട്ടർമാർ ഒരുങ്ങുന്നതായും വിവരമുണ്ട്. ഇത് ക്യൂബയെ കൂടുതൽ സമ്മർദ്ദത്തിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യം കീഴടങ്ങില്ലെന്നും ആക്രമണമുണ്ടായാൽ ശക്തമായി നേരിടുമെന്നുമാണ് ജനങ്ങളുടെയും പ്രതികരണം.
Story Summary
Cuban President Miguel Díaz-Canel warned of heavy bloodshed if the US attempts any military action, dismissing an Axios report alleging Cuba planned drone attacks on Florida and US naval bases as a fabricated pretext for invasion. In response to mounting tensions, the Trump administration frozen diplomatic ties further by enforcing fresh sanctions on top Cuban Communist Party leaders, military generals, and its Directorate of Intelligence.

