കറാച്ചി: പത്ത് വർഷത്തിനിടെ പാകിസ്ഥാൻ കണ്ട ഏറ്റവും വലിയ ഭീകരാക്രമണ പരമ്പരയിൽ വനിതാ ചാവേറുകൾ പങ്കെടുത്തതിന്റെ തെളിവുകൾ പുറത്ത്. നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമിയുടെ ആത്മഹത്യാ സ്ക്വാഡായ ‘മജീദ് ബ്രിഗേഡി’ൽപ്പെട്ട വനിതകളുടെ ചിത്രങ്ങളാണ് സംഘടന പുറത്തുവിട്ടത്.(Balochistan terror attack, BLA releases picture of female suicide bombers)
പുറത്തുവന്ന ചിത്രങ്ങളിൽ 24-കാരിയായ ആസിഫ മെംഗലിനെ തിരിച്ചറിഞ്ഞു. 2002-ൽ ജനിച്ച ഇവർ ബലൂചിസ്ഥാൻ സ്വദേശിനിയാണ്. ശനിയാഴ്ച നടന്ന ഏകോപിത ആക്രമണങ്ങളിൽ സ്ത്രീകളെ ചാവേറുകളായി ഉപയോഗിച്ചത് പാക് സുരക്ഷാ ഏജൻസികളെയും ഞെട്ടിച്ചിട്ടുണ്ട്.
140-ഓളം ഭീകരവാദികളുമായി പാക് സൈന്യം 40 മണിക്കൂർ നീണ്ട കടുത്ത പോരാട്ടമാണ് നടത്തിയത്. ഇതിനോടകം 120-ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിൽ 15 സുരക്ഷാ ഉദ്യോഗസ്ഥരും 92 ഭീകരരും ഉൾപ്പെടുന്നു. ബലൂചിസ്ഥാനിലെ ക്വെറ്റ, മസ്തൂംഗ്, ഗ്വാഡർ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഒരേസമയമാണ് ആക്രമണം അഴിച്ചുവിട്ടത്.
മസ്തൂംഗിലെ അതീവ സുരക്ഷയുള്ള ജയിൽ ആക്രമിച്ച ഭീകരർ 30-ലധികം തടവുകാരെ മോചിപ്പിച്ചു. റെയിൽവേ ട്രാക്കുകൾ തകർക്കുകയും പാലങ്ങൾ സ്ഫോടനത്തിലൂടെ തകർക്കുകയും ചെയ്തതോടെ റെയിൽ സർവ്വീസ് പൂർണ്ണമായും നിലച്ചു. ബാങ്കുകൾ കൊള്ളയടിക്കുകയും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ബസുകൾ തടഞ്ഞുനിർത്തി സാധാരണക്കാരെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനും ശ്രമം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



