തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കനത്ത ചൂട് റിപ്പോർട്ട് ചെയ്ത പാലക്കാട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് ഉയർന്ന താപനിലയായ 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.(Severe heat continues in Kerala, yellow alert in Palakkad)
സൂര്യാഘാതം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. നിർമാണത്തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കേണ്ടതാണ്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക. ഒ.ആർ.എസ് (ORS) ലായനി, സംഭാരം, ഫലവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കുക. കുട്ടികൾ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ, കിടപ്പുരോഗികൾ എന്നിവർ ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. സ്കൂളുകളിൽ കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം. വെയിലേൽക്കുന്ന തരത്തിലുള്ള അസംബ്ലികൾ ഒഴിവാക്കേണ്ടതാണ്.
മാർക്കറ്റുകൾ, മാലിന്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് നടത്തുകയും ജാഗ്രത പാലിക്കുകയും ചെയ്യുക. വനമേഖലയിൽ കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർക്കും മാധ്യമപ്രവർത്തകർക്കും ആവശ്യമായ വിശ്രമവും സുരക്ഷയും അതത് സ്ഥാപനങ്ങൾ ഉറപ്പാക്കുക. കന്നുകാലികളെ ഉച്ചവെയിലിൽ മേയാൻ വിടരുത്. വളർത്തുമൃഗങ്ങളെ പാർക്ക് ചെയ്ത വാഹനങ്ങളിൽ തനിച്ചാക്കി പോകരുത്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

