HomeIran Israel Conflict'ഒരു പുരോഗതിയും ഉണ്ടായില്ല, അവർ നിബന്ധനകൾ അംഗീകരിച്ചില്ല, മടങ്ങുന്നു':  US -...

‘ഒരു പുരോഗതിയും ഉണ്ടായില്ല, അവർ നിബന്ധനകൾ അംഗീകരിച്ചില്ല, മടങ്ങുന്നു’:  US – ഇറാൻ ചർച്ച വഴിമുട്ടിയെന്ന് ജെ ഡി വാൻസ് | US-Iran talks

ഇസ്ലാമാബാദ്: ആഗോളതലത്തിൽ ഉറ്റുനോക്കിയ യുഎസ് – ഇറാൻ ഉന്നതതല ചർച്ചകൾ ധാരണയിലെത്താതെ പിരിഞ്ഞു. ഇസ്ലാമാബാദിൽ 21 മണിക്കൂറിലധികം നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്കൊടുവിലും നിർണ്ണായക വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറായില്ല. ഇറാൻ ആണവായുധം നിർമ്മിക്കരുത് എന്നതാണ് അമേരിക്കയുടെ പ്രധാന നിബന്ധനയെന്നും ഇത് സംബന്ധിച്ച് ‘റെഡ് ലൈൻ’ നിശ്ചയിച്ചിട്ടുണ്ടെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞു.(No progress, JD Vance says US-Iran talks have stalled)

അമേരിക്ക മുന്നോട്ടുവെച്ച ഏറ്റവും മികച്ചതും അവസാനത്തേതുമായ നിർദ്ദേശമാണിതെന്ന് ജെ ഡി വാൻസ് വ്യക്തമാക്കി. ഇറാൻ ഇത് സ്വീകരിക്കുമോ എന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് മാറ്റണമെന്ന അമേരിക്കയുടെ നിർദ്ദേശമാണ് പ്രധാനമായും തർക്കത്തിന് കാരണമായത്. ഇത് അംഗീകരിക്കാൻ ഇറാൻ പ്രതിനിധികൾ തയ്യാറായില്ല.

ജെ ഡി വാൻസിനൊപ്പം സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്നർ എന്നിവർ യുഎസ് സംഘത്തിലുണ്ടായിരുന്നു. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരാണ് ഇറാനെ പ്രതിനിധീകരിച്ചത്. അവർ ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറായില്ല. ഒരു കരാറിലെത്താൻ ശ്രമിക്കണമെന്നായിരുന്നു പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശം. എന്നാൽ നിർഭാഗ്യവശാൽ ചർച്ചകളിൽ പുരോഗതിയുണ്ടായില്ല, ജെ ഡി വാൻസ് പറഞ്ഞു.

ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ഇറാനും അവരുടെ പ്രോക്സികൾക്കും എതിരായ പോരാട്ടം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. 40 ദിവസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം ഇതോടെ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ചർച്ചകൾക്കിടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു. എന്നാൽ സൈനിക കപ്പലുകൾക്ക് ഈ പാതയിലൂടെ പ്രവേശനം അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ. ചർച്ചയുടെ ഫലം എന്തുതന്നെയായാലും അമേരിക്ക വിജയിക്കുമെന്നും തനിക്ക് ആശങ്കകളില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.