ടെഹ്റാൻ: 2026 ഫിഫ ലോകകപ്പിനുള്ള ഇറാന്റെ 30 അംഗ പ്രാഥമിക സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ മുൻനിര സ്ട്രൈക്കർ സർദാർ അസ്മൂനെ ഒഴിവാക്കിയത് കായികലോകത്തെ ഞെട്ടിച്ചു (Sardar Azmoun Left Out Iran World Cup Squad). യുഎഇ ക്ലബ്ബായ ഷബാബ് അൽ-അഹ്ലിക്ക് വേണ്ടി കളിക്കുന്ന 31 കാരനായ അസ്മൂൻ, രാജ്യത്തിനായി 91 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ നേടിയിട്ടുള്ള മികച്ച ഫോർവേഡാണ്. എന്നാൽ, സർക്കാരുമായുള്ള രാഷ്ട്രീയപരമായ വിയോജിപ്പുകളെയും അച്ചടക്കലംഘനങ്ങളെയും തുടർന്നാണ് താരത്തെ ടീമിൽ നിന്ന് പുറത്താക്കിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം അസ്മൂൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതാണ് ഇറാൻ അധികൃതരെ ചൊടിപ്പിച്ചത്. ഇത് സർക്കാരിനോടുള്ള അവിശ്വസ്തതയായി കണക്കാക്കി ഇറാൻ ദേശീയ ടീമിൽ നിന്ന് താരത്തെ പുറത്താക്കുകയായിരുന്നു. തുടർന്ന് താരം ചിത്രം പിൻവലിച്ചെങ്കിലും ഔദ്യോഗിക മാധ്യമങ്ങളിലൂടെ കടുത്ത വിമർശനം നേരിടേണ്ടി വന്നു. അസ്മൂന്റെ അഭാവത്തിൽ ഗ്രീസ് ക്ലബ്ബായ ഒളിമ്പിയാക്കോസിന്റെ സൂപ്പർ താരം മെഹ്ദി താരെമിയായിരിക്കും ലോകകപ്പിൽ ഇറാന്റെ മുന്നേറ്റനിരയെ നയിക്കുക.
ലോകകപ്പിന് മുന്നോടിയായി ഇറാൻ ടീം തിങ്കളാഴ്ച തുർക്കിയിലേക്ക് പരിശീലന ക്യാമ്പിനായി പുറപ്പെടും. അവിടെ വെച്ച് ഗാംബിയ ഉൾപ്പെടെയുള്ള ടീമുകളുമായി ഇറാൻ സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ജൂൺ 1-നകം നിലവിലെ 30 അംഗ സ്ക്വാഡ് 26 ആയി ചുരുക്കേണ്ടതുണ്ട്. യുഎസ് വിസ നടപടികൾ പൂർത്തിയാക്കുന്നതിലെ ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഫിഫയുടെ ഉറപ്പുള്ളതിനാൽ ടീം ആത്മവിശ്വാസത്തിലാണ്. ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവർക്കൊപ്പമാണ് ഇറാൻ മത്സരിക്കുന്നത്.
Summary: Experienced forward Sardar Azmoun was a major omission from Iran’s 30-man preliminary World Cup 2026 squad due to reported political disciplinary actions. The 31-year-old striker was allegedly expelled from Team Melli following an Instagram post featuring Dubai’s ruler, which authorities viewed as an act of disloyalty. Led by Mehdi Taremi, the squad will travel to Turkiye for a training camp and visa processing before heading to the US for their group matches, with the final roster being trimmed to 26 by June 1.

