ബാഴ്‌സലോണ: ഈ സീസൺ അവസാനിക്കുന്നതോടെ താൻ ബാഴ്‌സലോണ വിടുമെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് പോളിഷ് ഇതിഹാസ സ്‌ട്രൈക്കർ റോബെർട് ലെവൻഡോവ്‌സ്‌കി (Robert Lewandowski Barcelona exit). സമൂഹ മാധ്യമങ്ങളിൽ വൈകാരികമായ ഒരു വീഡിയോ പങ്കുവെച്ചാണ് താരം ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചത്. വെല്ലുവിളികളും കഠിനാദ്ധ്വാനവും നിറഞ്ഞ നാല് വർഷത്തെ കാറ്റലൻ ജീവിതത്തിന് ശേഷമാണ് താൻ മടങ്ങുന്നതെന്ന് ഈ വെറ്ററൻ താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബാഴ്‌സലോണയിൽ തന്റെ ദൗത്യം പൂർത്തിയാക്കിയ സംതൃപ്തിയിലാണ് മടങ്ങുന്നതെന്നും ലെവൻഡോവ്‌സ്‌കി വ്യക്തമാക്കി. ഞായറാഴ്ച റയൽ ബെറ്റീസിനെതിരെ സ്വന്തം തട്ടകമായ ക്യാമ്പ് നൗവിലാണ് ലെവൻ ബാഴ്‌സ ജേഴ്‌സിയിൽ അവസാനമായി കളത്തിലിറങ്ങുക.
“ഒരു നക്ഷത്രമായി വന്നു, ഇതിഹാസമായി മടങ്ങുന്നു” എന്നാണ് ലെവൻഡോവ്‌സ്‌കിയുടെ വിടപറച്ചിലിനോട് ബാഴ്‌സലോണ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രതികരിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും മോശം ഫോമും കാരണം ബാഴ്‌സലോണ തകർച്ച നേരിട്ട സമയത്താണ് 2022-ൽ താരം ജർമ്മൻ ക്ലബായ ബയേൺ മ്യൂണിക്കിൽ നിന്നും കാറ്റലോണിയയിൽ എത്തുന്നത്. പിന്നീട് ബാഴ്‌സയുടെ വിശ്വസ്തനായ ഗോൾമെഷീനായി മാറാൻ ലെവന് അധികം സമയം വേണ്ടി വന്നില്ല.
ബാഴ്‌സലോണയെ വീണ്ടും കിരീടങ്ങളിലേക്ക് നയിക്കുന്നതിൽ ലെവൻഡോവ്‌സ്‌കി നിർണ്ണായക പങ്കുവഹിച്ചു. റയൽ മാഡ്രിഡിനെതിരായ ഹൈ-വോൾട്ടേജ് എൽ ക്ലാസികോ മത്സരങ്ങളിലടക്കം ക്ലബിനായി താരം വിലപ്പെട്ട ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്‌സയിലെ തന്റെ ആദ്യ സീസണിൽ തന്നെ ലാലിഗയിലെ ടോപ് ഗോൾ സ്‌കോററായ താരം, ഈ സീസണിൽ ഇതുവരെ 18 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്.
37-ാം വയസ്സിൽ ബാഴ്‌സ വിടുന്ന താരത്തെ സ്വന്തമാക്കാൻ കോടികൾ വാഗ്ദാനം ചെയ്ത് പ്രമുഖ സൗദി അറേബ്യൻ ക്ലബുകൾ രംഗത്തുണ്ട്. ഇതിനുപുറമെ അമേരിക്കൻ മേജർ ലീഗ് സോക്കറിൽ (MLS) നിന്നും താരത്തെ തേടി വൻ ഓഫറുകളെത്തിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ബാഴ്‌സയ്ക്ക് ശേഷം താൻ ഏത് ക്ലബിലേക്കാണ് ചേക്കേറുന്നത് എന്ന കാര്യത്തിൽ ലെവൻ ഇതുവരെ അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ല.
Story Summary: Polish striker Robert Lewandowski has officially confirmed his departure from Barcelona at the end of the season. After four successful years with the Catalan club, the 37-year-old veteran will play his final match at Camp Nou this Sunday against Real Betis amid heavy transfer interest from Saudi and MLS clubs.

