ബ്യൂണസ് അയേഴ്സ്: ഭാവിയിലെ ഫിഫ ലോകകപ്പുകളിൽ നിന്ന് അർജന്റീനയെ വിലക്കണമെന്ന ആവശ്യവുമായി സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ പ്രചാരണം നടക്കുന്നതിനിടെ, രാജ്യത്തെ പിന്തുണച്ച് രംഗത്തെത്തി പ്രസിഡന്റ് ഹാവിയർ മിലെയ് (Javier Milei Argentina World Cup Ban Petition). വിമർശനങ്ങൾക്ക് മറുപടിയായി ഇൻസ്റ്റഗ്രാമിൽ നടത്തിയ പ്രതികരണത്തിൽ, അർജന്റീനക്കെതിരായ പ്രചാരണങ്ങൾക്ക് പിന്നിൽ അസൂയയാണെന്ന് അദ്ദേഹം ആരോപിച്ചു.
ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് എക്സ്ട്രാ ടൈമിൽ പരാജയപ്പെട്ടതും മത്സരത്തിനിടെ അർജന്റീന താരങ്ങളുടെ പെരുമാറ്റത്തെച്ചൊല്ലിയ വിവാദങ്ങളും പിന്നാലെയാണ് ‘Argentina Out’ എന്ന പേരിൽ ഓൺലൈൻ ഹർജി ആരംഭിച്ചത്. 170-ലേറെ രാജ്യങ്ങളിൽ നിന്നായി 2.33 കോടിയിലധികം പേർ ഹർജിയിൽ ഒപ്പുവെച്ചെന്നാണ് പ്രചാരണം.
ഈ പ്രചാരണത്തിനെതിരെ പ്രതികരിച്ച മിലെയ്, “നിങ്ങൾക്ക് ശത്രുക്കളുണ്ടെങ്കിൽ നിങ്ങൾ എന്തെങ്കിലും മൂല്യമുള്ള കാര്യം സംരക്ഷിച്ചുവെന്നാണ് അതിന്റെ അർഥം. ഞങ്ങൾ അർജന്റീനയെ സംരക്ഷിക്കുകയാണ്. ഞങ്ങളെ അവഗണിക്കാൻ ആർക്കും കഴിയില്ല. ഞങ്ങൾ മികച്ചവരായതിനാലാണ് പലർക്കും ഞങ്ങളോട് അസൂയ,” എന്നാണ് സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.
അതേസമയം, ലോകകപ്പ് ഫൈനലിനെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന ഗൂഢാലോചനാ വാദങ്ങൾ തള്ളി അർജന്റീനയുടെ മധ്യനിര താരം ലിയാൻഡ്രോ പാരഡെസും രംഗത്തെത്തി. ഫൈനലിൽ സ്പെയിൻ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും കിരീടം അവർ അർഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും പ്രാധാന്യം നൽകുന്നില്ലെന്ന് വ്യക്തമാക്കിയ പാരഡെസ്, തുടർച്ചയായ രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഒരു ലോകകപ്പും നേടിയ അർജന്റീനയുടെ സമീപകാല നേട്ടങ്ങൾ ചരിത്രപരമാണെന്നും ചൂണ്ടിക്കാട്ടി. ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഫൈനൽ ഫലം ക്രമീകരിച്ചെന്ന പ്രചാരണവും അദ്ദേഹം തള്ളി.
Summary: Argentine President Javier Milei has strongly rejected an online campaign demanding Argentina’s ban from future FIFA World Cups, saying the criticism stems from jealousy. Midfielder Leandro Paredes also dismissed conspiracy theories surrounding the World Cup final, admitting Spain deserved the title.


