ന്യൂഡൽഹി: നിർണ്ണായക ബില്ലുകൾ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതിപക്ഷത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി ഒരുങ്ങുന്നു. ബില്ലിനെ എതിർത്ത പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെ സ്ത്രീകളെ അണിനിരത്തി വൻ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.(Women’s reservation bill failed, BJP takes it to the streets; Opposition to mount defense)
ബില്ലിനെ എതിർത്ത പ്രതിപക്ഷ നിലപാടിനെതിരെ എൻഡിഎ എംപിമാർ ഇന്ന് പാർലമെന്റ് വളപ്പിൽ പ്രതിഷേധം സംഘടിപ്പിക്കും. വനിതാ സംവരണ ബിൽ പാസാക്കിയെടുക്കാൻ ഇനിയും ശ്രമങ്ങൾ തുടരുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പിൽ എൻഡിഎയ്ക്ക് പുറത്ത് വൈഎസ്ആർ കോൺഗ്രസിൻ്റെ പിന്തുണ മാത്രമാണ് സർക്കാരിന് ലഭിച്ചത്. മറ്റ് പ്രധാന പ്രാദേശിക കക്ഷികളെല്ലാം പ്രതിപക്ഷത്തിനൊപ്പം നിലയുറപ്പിച്ചു.
പ്രതിപക്ഷത്തിന്റെ ഐക്യം വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ തുടക്കമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ നീക്കങ്ങളെ ഇത്തരത്തിൽ ഒറ്റക്കെട്ടായി തന്നെ പ്രതിരോധിക്കുമെന്ന സൂചനയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിര നൽകുന്നത്. വനിതാ സംവരണ ബില്ലും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത മൂന്ന് ദിവസത്തെ പ്രത്യേക സിറ്റിംഗ് ഉൾപ്പെടെയുള്ള സമ്മേളനം ഇന്ന് അവസാനിക്കും.
ലോക്‌സഭയിൽ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിനാൽ, അത് രാജ്യസഭയിൽ പരിഗണിക്കേണ്ട സാഹചര്യമുണ്ടായില്ല. രാവിലെ 11 മണിക്ക് ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയും. സഭകൾ പിരിഞ്ഞാലുടൻ പാർലമെന്റ് മന്ദിരത്തിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ സർക്കാരിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നതിൽ ഈ യോഗം നിർണ്ണായകമാകും.

