ന്യൂഡൽഹി: കേന്ദ്ര ബജറ്റിന്മേൽ ലോക്‌സഭയിൽ നടക്കുന്ന പൊതുചർച്ചയിൽ പ്രതിപക്ഷത്തെ ശശി തരൂർ എംപി നയിച്ചേക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് തരൂരിന്റെ പേര് നിർദ്ദേശിച്ചതെന്നാണ് വിവരം. ദേശീയ നേതൃത്വവുമായി ശശി തരൂർ പുലർത്തിയിരുന്ന അകലം കുറയുന്നതിന്റെയും ബന്ധം കൂടുതൽ ഊഷ്മളമാകുന്നതിന്റെയും സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.(Will Shashi Tharoor lead the opposition in the Lok Sabha during the budget debate? Rahul Gandhi suggests)
കൊച്ചി മഹാപഞ്ചായത്ത് യോഗത്തിലെ തർക്കങ്ങളെത്തുടർന്ന് തരൂർ പാർട്ടി നേതൃത്വവുമായി അല്പം അകൽച്ചയിലായിരുന്നു എന്നാണ് വിവരം. എന്നാൽ സമീപകാലത്ത് നടന്ന നിർണ്ണായക കൂടിക്കാഴ്ചകൾ ഈ ഭിന്നതകൾ പരിഹരിച്ചതായാണ് റിപ്പോർട്ടുകൾ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ പാർട്ടിയിൽ താൻ സജീവമാണെന്നും താനും പാർട്ടിയും ഒരേ ദിശയിലാണെന്നും തരൂർ വ്യക്തമാക്കിയിരുന്നു. മുൻ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെയുടെ പുസ്തക വിവാദത്തിലും ഇന്ത്യ-യുഎസ് വ്യാപാര കരാറിലും കോൺഗ്രസിന്റെ നിലപാടുകളെ തരൂർ പരസ്യമായി പിന്തുണച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന ഉന്നതതല യോഗത്തിലും തരൂർ പങ്കെടുത്തു.
ഫെബ്രുവരി 5 മുതൽ ആരംഭിക്കുന്ന ബജറ്റ് ചർച്ചകൾ ഫെബ്രുവരി 9, 10, 11 തീയതികളിലും തുടരും. ഫെബ്രുവരി 11-ന് ധനമന്ത്രി നിർമ്മല സീതാരാമൻ ചർച്ചകൾക്ക് മറുപടി നൽകും. ബജറ്റ് ചർച്ചയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പ്രതിപക്ഷ കക്ഷി നേതാക്കൾ ഇന്ന് യോഗം ചേരുന്നുണ്ട്.

