കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആഹ്വാനത്തിന് പിന്നാലെ കൊൽക്കത്തയിൽ നാടകീയ രംഗങ്ങൾ (West Bengal Strong Room Tampering Allegation). കൊൽക്കത്തയിലെ ഖുദിറാം അനുശീലൻ കേന്ദ്രയിലുള്ള സ്ട്രോങ്ങ് റൂമിൽ കൃത്രിമം നടന്നുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളായ കുനാൽ ഘോഷ്, ശശി പാഞ്ജ എന്നിവർ കേന്ദ്രത്തിന് മുന്നിൽ ധർണ്ണ ആരംഭിച്ചു.
തൃണമൂൽ പ്രവർത്തകരെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തേക്ക് മാറ്റിയ ശേഷം ബിജെപി പ്രതിനിധികളെ മാത്രം അകത്തേക്ക് പ്രവേശിപ്പിച്ചുവെന്നാണ് തൃണമൂൽ ഉന്നയിക്കുന്ന പ്രധാന ആരോപണം. വൈകുന്നേരം 4 മണിയോടെ സ്ട്രോങ്ങ് റൂം വീണ്ടും തുറന്നുവെന്നും ഈ സമയം ടിഎംസി പ്രതിനിധികൾ സ്ഥലത്തില്ലായിരുന്നുവെന്നും കുനാൽ ഘോഷ് പറഞ്ഞു. സ്ട്രോങ്ങ് റൂമിനുള്ളിൽ സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ തൃണമൂൽ പുറത്തുവിട്ടിട്ടുണ്ട്.
“എന്തുകൊണ്ടാണ് ഞങ്ങളെ അറിയിക്കാതെ സ്ട്രോങ്ങ് റൂം തുറന്നത്? ബാലറ്റ് പേപ്പറുകൾ അകത്തേക്ക് മാറ്റുന്നത് സിസിടിവിയിൽ കാണാം. പോസ്റ്റൽ ബാലറ്റുകൾ പ്രോസസ്സ് ചെയ്യുന്നുണ്ടെങ്കിൽ അത് എവിടെ നിന്ന് വന്നു?” കുനാൽ ഘോഷ് ചോദിച്ചു.
അതേസമയം , പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി മമത ബാനർജി വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നേരിട്ടെത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായതോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 24 മണിക്കൂറും കാവൽ നിൽക്കാൻ മമത നേരത്തെ നേതാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു.
“രാത്രി മുഴുവൻ ഉണർന്നിരുന്ന് കാവൽ നിൽക്കൂ, എനിക്ക് കഴിയുമെങ്കിൽ നിങ്ങൾക്കും സാധിക്കും” എന്നായിരുന്നു മമതയുടെ ആഹ്വാനം. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ പുതിയ വിവാദം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാം.
Story Summary: TMC leaders Kunal Ghosh and Shashi Panja staged a protest at the Khudiram Anushilan Kendra in Kolkata, alleging tampering in the strong room. They claimed the room was opened without informing them and only BJP representatives were allowed inside. CM Mamata Banerjee is expected to visit the site following her call for 24-hour vigilance at counting centers.

