മിർസാപൂർ: ഉത്തർപ്രദേശിലെ ജാമുയി ബസാർ മേഖലയിൽ റെയിൽവേ പാലത്തിന് മുകളിൽ ട്രെയിൻ തട്ടി വയോധിക മരിച്ചു (Uttar Pradesh Train Accident). അഹ്‌റൗറ സ്വദേശിയായ ചന്ദ്രി ദേവി (70) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ചുനാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റെയിൽവേ പാലത്തിലായിരുന്നു അപകടം നടന്നത്. കുടുംബകലഹത്തെ തുടർന്ന് ഞായറാഴ്ച രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ ഇവർ ജാമുയി ബസാർ ഭാഗത്തേക്ക് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തലേദിവസം രാത്രി മുതൽ വയോധികയെ കാണാതായതിനെ തുടർന്ന് മകൻ തിരച്ചിൽ നടത്തിവരികയായിരുന്നു. ജാമുയി ബസാറിൽ ഒരു സ്ത്രീ മരിച്ച വിവരം അറിഞ്ഞെത്തിയ മകൻ മൃതദേഹം കണ്ടതോടെയാണ് അത് തന്റെ അമ്മയാണെന്ന് തിരിച്ചറിഞ്ഞത്. അപകടസ്ഥലത്ത് വെച്ച് തന്നെ ഇവർ മരണപ്പെട്ടിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Summary: A 70-year-old woman died after being hit by a train on a rail bridge in Uttar Pradesh’s Mirzapur following a domestic dispute.



