ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഭരണനടപടികൾ വേഗത്തിലാക്കി സി. ജോസഫ് വിജയ്. ഉദ്യോഗസ്ഥ തലത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് വിജയ് സർക്കാരിന്റെ തുടക്കം. മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാരായി രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി.(TN CM Vijay Appoints New IAS Officers As Additional Chief Secretaries)
ഡോ. പി. സെന്തിൽകുമാർ ഐഎഎസ്, ജി. ലക്ഷ്മി പ്രിയ ഐഎഎസ് എന്നിവരെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലേക്ക് നിയമിച്ചത്. ഗവർണറുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി എം. സായ്കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കുറഞ്ഞത് ഒരു വർഷത്തേക്കായിരിക്കും ഇവരുടെ നിയമനം. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു സെന്തിൽ കുമാർ. ആദി ദ്രാവിഡർ-പഴങ്കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്നു ലക്ഷ്മി പ്രിയ.
ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുൻപാകെയാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. 120 എം.എൽ.എമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചിരിക്കുന്നത്. വിജയ്ക്കൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സിനിമാ താരങ്ങളും ടിവികെ പ്രവർത്തകരും വിജയ്‌യുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ പതിനായിരങ്ങളാണ് ചെന്നൈയിൽ തടിച്ചുകൂടിയത്.
Story Summary
In his first administrative move as Tamil Nadu CM, Vijay restructured the top official hierarchy by appointing Dr. P. Senthil Kumar IAS and G. Lakshmi Priya IAS as his Additional Chief Secretaries. This follows his grand swearing-in ceremony at Nehru Stadium, attended by Rahul Gandhi and other dignitaries.

