HomeNationalരാജ്യം നക്‌സൽ മുക്തം: ചരിത്രപരമായ നേട്ടമെന്ന് കേന്ദ്ര സർക്കാർ | Naxal

രാജ്യം നക്‌സൽ മുക്തം: ചരിത്രപരമായ നേട്ടമെന്ന് കേന്ദ്ര സർക്കാർ | Naxal

ന്യൂഡൽഹി: പതിറ്റാണ്ടുകളായി രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണികളിലൊന്നായ നക്‌സൽ സംഘർഷങ്ങളിൽ നിന്ന് ഇന്ത്യ പൂർണ്ണമായും മുക്തമായതായി കേന്ദ്ര സർക്കാർ. ഡൽഹിയിൽ നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാജ്യത്തെ ഒരൊറ്റ ജില്ല പോലും നിലവിൽ നക്‌സൽ ബാധിത പട്ടികയിലില്ല എന്നത് ചരിത്രപരമായ നേട്ടമാണെന്ന് കേന്ദ്രം വ്യക്തമാക്കി.(The country is Naxal-free, A historic achievement, says the central government)

2015-ൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ശക്തമായ പ്രതിരോധ നയത്തിന്റെയും സുരക്ഷാ പ്രവർത്തനങ്ങളുടെയും വിജയമായാണ് ഈ മാറ്റത്തെ വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ മാർച്ച് അവസാനം വരെ ഛത്തീസ്‌ഗഡിലെ ബിജാപൂർ, ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ഭൂം ജില്ലകൾ മാവോയിസ്റ്റ് ബാധിത മേഖലകളായി തുടരുന്നുണ്ടായിരുന്നു. എന്നാൽ ഏപ്രിൽ എട്ടിലെ പുതിയ അറിയിപ്പ് പ്രകാരം ഈ ജില്ലകളും പട്ടികയിൽ നിന്ന് പുറത്തായി.

ഇന്ത്യ മാവോയിസ്റ്റ് സ്വാധീനത്തിൽ നിന്ന് മുക്തമായെന്ന് മാർച്ച് 30-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണം വരുന്നത്. നക്‌സൽ ബാധിത പട്ടികയിൽ നിന്ന് ഒഴിവാക്കിയെങ്കിലും, നേരത്തെ ശക്തമായ മാവോയിസ്റ്റ് സ്വാധീനമുണ്ടായിരുന്ന മേഖലകളിൽ നിരീക്ഷണം കർശനമാക്കാൻ തന്നെയാണ് കേന്ദ്ര തീരുമാനം.

Clickable Info Box