ചെന്നൈ: തമിഴ്‌നാട് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സന്തോഷം പകർന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പുതിയ പ്രഖ്യാപനം നടത്തി. സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത 58 ശതമാനത്തിൽ നിന്ന് 60 ശതമാനമായി വർദ്ധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഈ വർദ്ധനവ് നിലവിൽ വരുന്നത്.(Tamil Nadu CM C Joseph Vijay Announces 2 Percent DA Hike For Government Employees)
സംസ്ഥാനത്തെ ഏകദേശം 16 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്കരിച്ചതിന് സമാനമായാണ് സംസ്ഥാന സർക്കാരും ഈ നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജനക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലും പൊതുസേവനം ഉറപ്പാക്കുന്നതിലും സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സേവനങ്ങളെ മാനിച്ചാണ് സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഈ വർദ്ധനവ് നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവർഷം 1,230 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകും. എങ്കിലും, ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമം മുൻനിർത്തി സർക്കാർ ഈ തുക അധികമായി അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
Story Summary
Tamil Nadu Chief Minister C. Joseph Vijay has announced a 2% hike in Dearness Allowance (DA) for state government employees and teachers, raising it from 58% to 60%. This decision, which takes effect retroactively from January 1, 2026, will benefit approximately 16 lakh people and entails an additional annual expenditure of ₹1,230 crore for the state.

