ഗുവാഹത്തി: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിലിനെ തുടർന്ന് വിഷവാതകം ചോർന്ന് എട്ട് തൊഴിലാളികൾ മരിച്ചു. അപകടത്തിൽപ്പെട്ട 12 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചെങ്കിലും 18-ലധികം തൊഴിലാളികൾ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. എൻ.ഡി.ആർ.എഫും സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്ന് പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.(Sikkim tunnel accident, Landslide And Gas Leak In Sikkim Tunnel Kills Eight Workers Trapping Over Eighteen)
സൗത്ത് സിക്കിമിലെ സമർദുംഗ് തുരങ്കത്തിൽ തിങ്കളാഴ്ച വൈകുന്നേരം 3.09 നായിരുന്നു അപകടം. തീസ്ത സ്റ്റേജ് VI ഹൈഡ്രോഇലക്ട്രിക് പ്രൊജക്റ്റിന്റെ ഭാഗമായി പട്ടേൽ എൻജിനീയറിങ് കമ്പനിയാണ് തുരങ്ക നിർമ്മാണം നടത്തിവരുന്നത്. ഭീമൻ സ്ഫോടന ശബ്ദത്തോടെയുണ്ടായ മണ്ണടിച്ചിലിനെ തുടർന്ന് മീഥെയ്ൻ വാതകം ചോർന്നതാണ് രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കിയത്. ഓക്സിജൻ മാസ്കുകളോ മറ്റ് സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ തുരങ്കത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച ആദ്യ രക്ഷാപ്രവർത്തകർക്ക് ശ്വാസംമുട്ടലും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതകത്തിന്റെ അളവ് വളരെ ഉയർന്ന നിലയിൽ തുടരുന്നതിനാൽ അപകടം നടന്ന കൃത്യമായ സ്ഥലത്തേക്ക് എത്താൻ എൻ.ഡി.ആർ.എഫ് സംഘങ്ങൾക്ക് സാധിച്ചിട്ടില്ല. എന്നാൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാനും കുടുങ്ങിക്കിടക്കുന്ന മുഴുവൻ ആളുകളെയും സുരക്ഷിതമായി പുറത്തെത്തിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് നാംചി ജില്ലാ കളക്ടർ അനുപ താംലിംഗ് അറിയിച്ചു.
Story Summary
Eight workers have died and over 18 remain trapped following a landslide and toxic methane gas leak at a hydroelectric tunnel construction site in South Sikkim’s Samardung. NDRF and SDRF teams are currently conducting intensive rescue operations despite hazardous conditions and dangerous gas levels inside the tunnel.


