ചണ്ഡീഗഢ്: ആം ആദ്മി പാർട്ടിയിലെ ഏഴ് രാജ്യസഭാ എംപിമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതിന് പിന്നാലെ പഞ്ചാബിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ കാണാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അനുമതി തേടി. പാർട്ടി എംഎൽഎമാർക്കൊപ്പം രാഷ്ട്രപതിയെ കണ്ട് പരാതി നൽകാനാണ് നീക്കം.(Political clash in AAP, Punjab CM seeks permission to meet President after MPs join BJP)
രാഘവ് ഛദ്ദ, സന്ദീപ് പഥക് തുടങ്ങിയ പ്രമുഖരായ ഏഴ് രാജ്യസഭാ എംപിമാരാണ് എഎപി വിട്ട് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. എംപിമാർക്ക് പിന്നാലെ പഞ്ചാബിലെ ഒരു പ്രമുഖ മന്ത്രിയും മൂന്ന് എംഎൽഎമാരും ഉടൻ പാർട്ടി വിടുമെന്നാണ് സൂചന. എഎപി പഞ്ചാബ് കൺവീനറും ബിജെപി പാളയത്തിലേക്ക് നീങ്ങുന്നതായി അഭ്യൂഹങ്ങളുണ്ട്.
കൂറുമാറിയ എംപിമാരെ എത്രയും വേഗം അയോഗ്യരാക്കണമെന്നാണ് ഭഗവന്ത് മാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുക. എംഎൽഎമാരെയും എംപിമാരെയും പണം നൽകി വിലയ്ക്കെടുത്ത് പഞ്ചാബ് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

