ഹൈദരാബാദ്: തെലങ്കാനയിൽ വികസന പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിലുണ്ടായ രാഷ്ട്രീയ വാക്പോര് കൗതുകമാകുന്നു. ഹൈദരാബാദിൽ 9,400 കോടി രൂപയുടെ പദ്ധതികൾ സമർപ്പിക്കവെയാണ് കോൺഗ്രസ് നേതാവായ രേവന്ത് റെഡ്ഡിയെ സാക്ഷിനിർത്തി മോദിയുടെ രസകരമായ പരാമർശം ഉണ്ടായത്. “നിങ്ങൾ ഞങ്ങളുടെ കൂടെ ചേരുന്നതാണ് നല്ലത്” എന്നാണ് നർമ്മരൂപേണ മോദി പറഞ്ഞത്.(PM Narendra Modi Witty Remark To CM Revanth Reddy During Hyderabad Visit)
ഗുജറാത്തിനെ പിന്തുണച്ചതുപോലെ തെലങ്കാനയെയും കേന്ദ്രം പിന്തുണയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുള്ള മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. മുൻ യുപിഎ സർക്കാർ പത്ത് വർഷം കൊണ്ട് ഗുജറാത്തിന് നൽകിയതിനേക്കാൾ വലിയ തുക നൽകാൻ താൻ തയ്യാറാണെന്നും, എന്നാൽ കണക്കുകൾ നോക്കിയാൽ ഇപ്പോൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന തുകയുടെ പകുതി പോലും മുൻപ് ലഭിക്കുമായിരുന്നില്ലെന്നും മോദി ഓർമ്മിപ്പിച്ചു. ആന്ധ്രാപ്രദേശിന്റെ റെയിൽവേ ബജറ്റ് 1,000 കോടി രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ തെലങ്കാനയ്ക്ക് മാത്രമായി 5,500 കോടിയിലധികം രൂപ നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രസ്താവനകൾ നടത്തില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞതിനാൽ താനും രാഷ്ട്രീയം പറയുന്നില്ലെന്ന് വ്യക്തമാക്കിയ മോദി, രാജ്യം ഇന്ന് ‘റിഫോം എക്സ്പ്രസ്’ പാതയിലാണെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ മൂന്ന് ട്രില്യൺ ഡോളർ സാമ്പത്തിക ലക്ഷ്യത്തിലേക്ക് തെലങ്കാന പത്ത് ശതമാനം സംഭാവന നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഗുജറാത്ത് മോഡൽ വികസനം പോലെ തെലങ്കാനയെയും വളർത്താൻ പ്രധാനമന്ത്രിയുടെ വലിയ മനസ്സ് ഉണ്ടാകണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. നയതന്ത്രപരമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള ഈ കൂടിക്കാഴ്ച തെലങ്കാനയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Story Summary
Prime Minister Narendra Modi and Telangana CM Revanth Reddy engaged in a witty political exchange during the inauguration of projects worth ₹9,400 crore in Hyderabad. Modi humorously suggested Reddy join the NDA while highlighting the significant increase in central funds for Telangana compared to the previous UPA era.

