ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിതയും പങ്കെടുത്ത വിരുന്നിനിടെയുണ്ടായ വെടിവെപ്പിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ട്രംപും കുടുംബവും സുരക്ഷിതരാണെന്നറിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ഇത്തരം നീക്കങ്ങൾ നിരുപാധികം അപലപിക്കപ്പെടണമെന്നും എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി.(PM Modi condemns dinner shooting, says Relieved to learn Trump, First Lady are safe)
സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് വിശദീകരിച്ചത് ഇങ്ങനെ: “മാരകായുധങ്ങളുമായി ഒരാൾ സെക്യൂരിറ്റി ചെക്ക് പോയിന്റിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. എന്നാൽ ധീരരായ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ അയാളെ കീഴ്പ്പെടുത്തി.” 50 യാർഡ് അകലെ നിന്നാണ് അക്രമി ഓടിയെത്തിയത്. ഇയാൾ തനിച്ചാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയുടെ കാലിഫോർണിയയിലെ വീട്ടിൽ എഫ്ബിഐ റെയ്ഡ് നടത്തി.
വാഷിംഗ്ടൺ ഹിൽട്ടണിലെ ബേസ്‌മെന്റ് ബാൾറൂമിൽ നടന്ന വിരുന്നിൽ 2,600-ഓളം അതിഥികളാണ് ഉണ്ടായിരുന്നത്. വെടിയൊച്ച കേട്ടതോടെ ആളുകൾ നിലവിളിച്ചുകൊണ്ട് മേശകൾക്കടിയിൽ അഭയം തേടി. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, റോബർട്ട് എഫ്. കെന്നഡി ജൂനിയർ തുടങ്ങിയ പ്രമുഖ മന്ത്രിമാരെ സുരക്ഷാ ഉദ്യോഗസ്ഥർ തറയിൽ കിടത്തിയാണ് സംരക്ഷണം ഒരുക്കിയത്. ട്രംപിനെയും മെലാനിയയെയും ഉടൻ തന്നെ വേദിയിൽ നിന്ന് മാറ്റി. ഏകദേശം ഒരു മണിക്കൂറോളം ട്രംപ് ബാക്ക് സ്റ്റേജിൽ തുടർന്നു. “ഞങ്ങൾ ഇവിടെ തന്നെ തുടരും” എന്ന് ട്രംപ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
1981-ൽ അന്നത്തെ പ്രസിഡന്റ് റൊണാൾഡ് റീഗന് നേരെ വധശ്രമം നടന്ന അതേ ഹോട്ടലിലാണ് ഇപ്പോൾ വീണ്ടും വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. 2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൻസിൽവാനിയയിലും ഫ്ലോറിഡയിലും ട്രംപിന് നേരെ വധശ്രമങ്ങൾ ഉണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് നിർത്തിവെച്ച വിരുന്ന് 30 ദിവസത്തിനുള്ളിൽ വീണ്ടും നടത്തുമെന്ന് ട്രംപ് അറിയിച്ചു. തോക്കുമായെത്തിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥന് നേരെയാണ് വെടിയുതിർത്തതെന്നും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉള്ളതിനാൽ ഉദ്യോഗസ്ഥൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായും എഫ്ബിഐ സ്ഥിരീകരിച്ചു.

