സഹർസ: ബിഹാറിലെ സഹർസ ജില്ലയിലുള്ള ബലുവഹ മിഡിൽ സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച 100-ലധികം കുട്ടികളെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോറും പരിപ്പും അടങ്ങിയ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഇതിനിടെ ഒരു കുട്ടിയുടെ പ്ലേറ്റിൽ പാമ്പിനെ കണ്ടെത്തിയെന്ന വാർത്ത പരന്നത് സ്ഥിതിഗതികൾ വഷളാക്കി.(Over Hundred Students Hospitalised In Bihar After Midday Meal Snake Rumour Triggers Panic)
ഭക്ഷണത്തിൽ പാമ്പിനെ കണ്ടെന്ന വാർത്തയറിഞ്ഞ് രക്ഷിതാക്കൾ കൂട്ടത്തോടെ സ്‌കൂളിലേക്ക് ഒഴുകിയെത്തി. ഔദ്യോഗിക അറിയിപ്പുകൾക്ക് കാത്തുനിൽക്കാതെ പലരും തങ്ങളുടെ മക്കളെ നേരിട്ട് ആശുപത്രികളിൽ എത്തിച്ചു. ഭയം കാരണം സമീപത്തുള്ള മറ്റ് സ്‌കൂളുകളിലെ കുട്ടികളെയും രക്ഷിതാക്കൾ മുൻകരുതലായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം 115 കുട്ടികളാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്.
നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. വിഷബാധയുടെ ലക്ഷണങ്ങളൊന്നും ഡോക്ടർമാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എഫ്.എസ്.എസ്.എ.ഐ സംഘവും സംഭവത്തിൽ അന്വേഷണം നടത്തും.
Story Summary
Around 115 students in Bihar’s Saharsa were hospitalised after falling ill following a midday meal at a government school. Panic ensued after a rumour spread that a snake was found in the food, but authorities confirmed that all children are currently stable and in safe condition.

