യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ എൻ.ഐ.എ കൊച്ചിയിൽ നിന്ന് പിടികൂടി (Praveen Nettaru case). കുടക് സ്വദേശിയായ അബ്ദുൾ നാസറാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി കൊച്ചിയിലെ പള്ളുരുത്തിയിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. ബെംഗളൂരു, കൊച്ചി എൻ.ഐ.എ യൂണിറ്റുകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് നേരത്തെ രണ്ട് ലക്ഷം രൂപ പാരിതോഷികം എൻ.ഐ.എ പ്രഖ്യാപിച്ചിരുന്നു.
2022 ജൂലൈ 26-നാണ് കർണാടകയിലെ സുള്ള്യക്കടുത്ത ബെല്ലാരെയിൽ വെച്ച് പ്രവീൺ നെട്ടാരു വെട്ടേറ്റു മരിച്ചത്. കോഴിക്കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവീണിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ നേരത്തെ 19 പേർ അറസ്റ്റിലായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് എൻ.ഐ.എ നേരത്തെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. പിടികൂടിയ അബ്ദുൾ നാസറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എൻ.ഐ.എ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങും.
Summary: The NIA has arrested Abdul Nassar, a prime accused in the murder of Yuva Morcha leader Praveen Nettaru, from Palluruthy in Kochi after three years on the run. The 2022 murder in Bellare, Karnataka, had led to the arrest of 19 other suspects, with investigators confirming the involvement of the Popular Front of India in the pre-planned assassination.

