Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNational'അധികാരമോഹിയല്ല, വിമതനാകാനില്ല, ചില നേതാക്കൾ ശത്രുവായി കാണുന്നു': ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി...

‘അധികാരമോഹിയല്ല, വിമതനാകാനില്ല, ചില നേതാക്കൾ ശത്രുവായി കാണുന്നു’: ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ | High command

🎙️ Latest Podcast

ന്യൂഡൽഹി: കോൺഗ്രസ് കേന്ദ്ര നേതൃത്വവും ശശി തരൂരും തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾക്ക് വിരാമം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി തരൂർ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിലാണ് പ്രശ്നപരിഹാരമായത്. പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ നടന്ന കൂടിക്കാഴ്ച ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.(Not a rebel, Shashi Tharoor meets high command)

താൻ അധികാരമോഹിയല്ലെന്നും പാർട്ടിയിൽ വിമതനാകാൻ താല്പര്യമില്ലെന്നും തരൂർ നേതൃത്വത്തെ അറിയിച്ചു. തന്നെ മുഖ്യമന്ത്രി പദവി മോഹിക്കുന്നയാളായി ചിലർ ചിത്രീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെയും കേന്ദ്രത്തിലെയും ചില നേതാക്കൾ തന്നെ ശത്രുവായി കാണുന്നുവെന്നും പാർട്ടി വിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ ഇക്കൂട്ടരാണെന്നും തരൂർ നേതൃത്വത്തിന് മുന്നിൽ തുറന്നടിച്ചു.

നയപരമായ കാര്യങ്ങളിൽ പാർട്ടി ലൈൻ മറികടന്നുള്ള പ്രസ്താവനകളിൽ നേതൃത്വം അതൃപ്തി അറിയിച്ചു. വിദേശകാര്യ നിലപാടുകളിലും മോദി സ്തുതിയുമായി ബന്ധപ്പെട്ടും ജാഗ്രത പാലിക്കണമെന്ന് ഖാർഗെയും രാഹുലും നിർദ്ദേശിച്ചു. പരാതികളുണ്ടെങ്കിൽ നേരിട്ട് അറിയിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.
പാർട്ടിയിൽ തനിക്ക് കൂടുതൽ പ്രവർത്തന ഇടം വേണമെന്നും അത് കേരളത്തിലായാൽ സന്തോഷമെന്നും തരൂർ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായാണ് വിവരം.

“ചർച്ചകൾ വളരെ ക്രിയാത്മകമായിരുന്നു. എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചു. ഞാനും പാർട്ടിയും ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി രംഗത്തുണ്ടാകും.” – ശശി തരൂർ. സിപിഎമ്മുമായി തരൂർ അടുക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടതായും നേതൃത്വവുമായുള്ള ചർച്ചയിൽ പൂർണ്ണ സംതൃപ്തിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.