മുംബൈ: മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് മുംബൈ നഗരത്തിലെ സ്കൂളുകൾക്കും കോളജുകൾക്കും അധികൃതർ അടിയന്തര അവധി പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് മുംബൈയും സമീപ ജില്ലകളും പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്.(Mumbai Heavy Rains Holiday For Schools Colleges Orange Alert Issued)
നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായതോടെ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങളുടെ മതിലുകളും കൂറ്റൻ പരസ്യബോർഡുകളും തകർന്നുവീഴുകയും ചെയ്തിട്ടുണ്ട്. അതേസമയം, തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 18 മണിക്കൂറിലധികം തടസ്സപ്പെട്ടിരുന്ന മുംബൈ-പുണെ എക്‌സ്പ്രസ് വേയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. ടണൽ 2-ന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ഗതാഗതം, അവശിഷ്ടങ്ങൾ നീക്കി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് രാത്രി പത്തു മണിയോടെ വീണ്ടും തുറന്നുകൊടുത്തത്.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. പുണെ ജില്ലയിൽ മാത്രം തിങ്കളാഴ്ചയുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ നാല് പേർ മരിച്ചു. മാവൽ താലൂക്കിലെ പടാൻ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ പെട്ടാണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടത്. മറ്റൊരാൾ മതിൽ തകർന്നു വീണാണ് മരിച്ചത്. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ അഞ്ഞൂറിലേറെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Story Summary
Heavy rains disrupted normal life in Mumbai and surrounding districts, prompting authorities to declare a holiday for schools and colleges following an orange alert by the IMD. While the Mumbai-Pune Expressway was reopened after an 18-hour block due to a landslide, separate rain-related incidents in Pune claimed four lives.

