തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ വർധിച്ച സാഹചര്യത്തിൽ ഇന്നും വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് അറിയിച്ചു (Kerala Power Cut Today). പവർ എക്സ്ചേഞ്ചിലൂടെ ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണ് നിയന്ത്രണ സാധ്യതയ്ക്ക് കാരണമെന്ന് കെഎസ്ഇബി വ്യക്തമാക്കി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് വൈദ്യുതി ആവശ്യകത വർധിക്കാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വൈകുന്നേരത്തെ പീക്ക് സമയങ്ങളിലാണ് വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഈ സമയത്ത് ആവശ്യമായ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് ലഭ്യമാകാതെ വന്നാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപയോഗത്തിൽ പൊതുജനങ്ങൾ മിതത്വം പാലിക്കണമെന്നും, അനാവശ്യ ലൈറ്റുകളും വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്യുന്നതിലൂടെ ഉപഭോഗം കുറയ്ക്കാൻ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു. ഉപഭോഗം നിയന്ത്രിക്കാനായാൽ വൈദ്യുതി നിയന്ത്രണത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
Summary: KSEB has warned that Kerala may witness partial power restrictions during evening peak hours on Thursday due to rising electricity demand and limited power availability from the exchange. Higher temperatures and below-normal rainfall linked to El Niño have significantly increased power consumption across the state.


