ബംഗളൂരു: ബസുകളുടെ പ്രവർത്തനവും യാത്രാസൗകര്യങ്ങളും നേരിട്ട് വിലയിരുത്താൻ സാധാരണക്കാരനായി വേഷം മാറി യാത്ര ചെയ്ത് കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ്. നൂറു രൂപ നോട്ടിന് ചില്ലറ നൽകാനില്ലെന്ന് പറഞ്ഞ് മന്ത്രിയാണെന്നറിയാതെ ബസ് കണ്ടക്ടർ അദ്ദേഹത്തെ വഴിയിൽ ഇറക്കിവിട്ടു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മന്ത്രി തന്നെ തന്റെ എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.(Karnataka Transport Minister Byrathi Suresh Deboarded From BMTC Bus In Bengaluru)
പൊതുജനങ്ങളും ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ടറിയാനാണ് മന്ത്രി സർപ്രൈസ് പരിശോധന നടത്തിയത്. ഹെബ്ബാളിൽ നിന്നും നാഗഷെട്ടിഹള്ളിയിലേക്കുള്ള ബസിലാണ് മന്ത്രി കയറിയത്. ടിക്കറ്റിനായി മന്ത്രി നൂറു രൂപയുടെ നോട്ട് നീട്ടിയപ്പോൾ ചില്ലറയില്ലെന്നും കൃത്യം തുക തരണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു. യു.പി.ഐ വഴി പണം നൽകാൻ കണ്ടക്ടർ പറഞ്ഞെങ്കിലും മന്ത്രി അതിന് തയ്യാറായില്ല. ഒടുവിൽ ചില്ലറ തരാനില്ലെങ്കിൽ ബസിൽ നിന്നും ഇറങ്ങാൻ കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. താൻ സംസ്ഥാനത്തെ ഗതാഗത മന്ത്രിയാണെന്ന് വെളിപ്പെടുത്താതെ കണ്ടക്ടറുടെ നിർദ്ദേശം പാലിച്ച് മന്ത്രി ബസിൽ നിന്നും മാന്യമായി ഇറങ്ങിപ്പോവുകയും ചെയ്തു.
യാത്രക്കാരുടെ അനുഭവങ്ങൾ നേരിട്ടറിയാൻ ബംഗളൂരുവിലെ ബി.എം.ടി.സി ബസുകളിൽ വേഷം മാറി സർപ്രൈസ് പരിശോധന നടത്തി. സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ പൊതുഗതാഗതം ഉറപ്പാക്കുകയാണ് ഞങ്ങളുടെ പ്രഥമ പരിഗണന, എന്ന് മന്ത്രി എക്സിൽ കുറിച്ചു. മന്ത്രിയുടെ ഈ വേറിട്ട ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.
Story Summary
Karnataka Transport Minister Byrathi Suresh conducted a surprise inspection by travelling incognito in a BMTC bus in Bengaluru. Unaware of his identity, the bus conductor asked the minister to deboard after he offered a Rs 100 note and could not provide the exact change. The video of the incident went viral on social media.


