ഇന്ത്യയിലെ മൈക്രോഫിനാൻസ് മേഖല ഏഴ് പാദങ്ങളിലെ തളർച്ചയ്ക്ക് ശേഷം തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. 2026 മാർച്ച് അവസാനത്തോടെ ഈ മേഖലയിലെ മൊത്തം വായ്പാ പോർട്ട്‌ഫോളിയോ 3.25 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ ജനുവരി-മാർച്ച് കാലയളവിൽ 77,524 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്, ഇത് കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് (India’s Microfinance Sector). മഹാരാഷ്ട്രയോ ഗുജറാത്തോ അല്ല, മറിച്ച് ബീഹാറാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മൈക്രോഫിനാൻസ് വായ്പകൾ വിതരണം ചെയ്യുന്ന സംസ്ഥാനം. ഉത്തർപ്രദേശും തമിഴ്നാടുമാണ് തൊട്ടുപിന്നിൽ.
തുടർച്ചയായ രണ്ട് വർഷത്തെ പ്രതിസന്ധികൾക്ക് ശേഷം തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 31 മുതൽ 180 ദിവസം വരെ കാലാവധി കഴിഞ്ഞ വായ്പകളുടെ അപകടസാധ്യത (PAR) ഒരു വർഷം മുൻപ് 6 ശതമാനത്തിലധികമായിരുന്നത് ഇപ്പോൾ 2 ശതമാനമായി കുറഞ്ഞു. വായ്പ എടുക്കുന്നവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും, എടുക്കുന്ന വായ്പയുടെ തുകയിൽ വർദ്ധനവുണ്ടായിട്ടുണ്ട് എന്നത് വിപണിയിലെ ആത്മവിശ്വാസം വർദ്ധിച്ചതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
സാധാരണക്കാരെയും ചെറിയ ബിസിനസ്സുകളെയും സഹായിക്കുന്ന മൈക്രോഫിനാൻസ് രംഗം സാവധാനം പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്തുകയാണ്. എങ്കിലും, മൺസൂൺ വ്യതിയാനങ്ങളും ആഗോള രാഷ്ട്രീയ സംഘർഷങ്ങളും വായ്പ തിരിച്ചടവിനെ ബാധിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ‘ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഫോർ മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻസ്’ (CGSMFI 2.0) ഈ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും, മൈക്രോഫിനാൻസ് മേഖലയിലെ ഏറ്റവും മോശം കാലം കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
Summary: India’s microfinance sector is showing strong signs of recovery, recording its first quarterly portfolio growth after seven consecutive quarters of contraction, with total outstanding loans reaching Rs 3.25 lakh crore by March 2026. Bihar has emerged as the country’s largest microfinance market, followed by Uttar Pradesh and Tamil Nadu. While the number of active borrowers has decreased, the average loan size has increased, indicating that lenders are focusing on stronger profiles while exercising caution.

