HomeNational'ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിശക്തം': GDP പ്രവചനം ഉയർത്തി RBI ഗവർണർ |...

‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിശക്തം’: GDP പ്രവചനം ഉയർത്തി RBI ഗവർണർ | RBI

മുംബൈ: ആഗോള സംഘർഷങ്ങളും വ്യാപാര പ്രതിസന്ധികളും തുടരുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു. സാങ്കേതിക നിക്ഷേപങ്ങളിലെ കുതിപ്പും അനുകൂലമായ സർക്കാർ നയങ്ങളുമാണ് ഈ വളർച്ചയ്ക്ക് അടിത്തറയാകുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു.(Indian economy is very strong, says RBI Governor)

2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലെ ജിഡിപി വളർച്ചാ പ്രവചനം 20 ബേസിസ് പോയിന്റ് വീതം ഉയർത്തിയിട്ടുണ്ട്. യുഎസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ പ്രധാന പങ്കാളികളുമായുള്ള വ്യാപാര കരാറുകൾ രാജ്യത്തെ കയറ്റുമതിയും കറന്റ് അക്കൗണ്ടും ശക്തിപ്പെടുത്താൻ സഹായിക്കും.

പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ പല രാജ്യങ്ങളിലും വ്യത്യസ്ത നയങ്ങളാണ് നിലനിൽക്കുന്നത്. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കാരണം ആഗോള സാമ്പത്തിക വിപണികൾ അസ്ഥിരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും ആർബിഐ ലക്ഷ്യമിട്ട നിരക്കിന് അടുത്താണെന്നും ഗവർണർ വ്യക്തമാക്കി.

2025-26 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 2.1 ശതമാനം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 4.0 ശതമാനവും രണ്ടാം പാദത്തിൽ 4.2 ശതമാനവും ആയിരിക്കുമെന്നാണ് പ്രവചനം. 2025 അവസാന മാസങ്ങളിൽ വിലക്കയറ്റ സമ്മർദ്ദം കുറഞ്ഞത് ആശ്വാസകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ത്യയുടെ വളർച്ചാ സാധ്യതകളെ കൂടുതൽ തിളക്കമുള്ളതാക്കിയതായും ആർ ബി ഐ ഗവർണർ കൂട്ടിച്ചേർത്തു.

Clickable Info Box